ADVERTISEMENT

മുതലമട ∙ മാവുകൾ പൂവിട്ടു തുടങ്ങുന്ന സമയത്തെ മഴ കാരണം പൂ കൊഴിയുന്നതും മാവുകൾ തളിരിടുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കാലാവസ്ഥയാണു മാംഗോ സിറ്റിയുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.  രാജ്യത്ത് ആദ്യം മാവു പൂവിടുകയും കായ്ക്കുകയും ചെയ്യുന്ന സ്ഥലമാണ് മുതലമട. ഒക്ടോബർ, നവംബർ മാസങ്ങളിലാണു പൂവിടുന്നത്.

എന്നാൽ ഏതാനും വർഷങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം കീടബാധ രൂക്ഷമാകുകയും ഉൽപാദന കുറവ് സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സീസണിൽ 360 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. പൂ കൊഴിഞ്ഞു മാവ് തളിരിടുന്ന സാഹചര്യം ഉണ്ടായാൽ പിന്നീട് മാവ് പൂക്കണമെങ്കിൽ ഒന്നര മാസമെടുക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ പൂവിട്ട മുൻ വർഷങ്ങളിൽ തുള്ളൻ, പട്ടാളപ്പുഴു, ഇലപ്പേൻ എന്നിവയുടെ ആക്രമണം രൂക്ഷമായിരുന്നു. ഇത് ഉൽപാദനം പകുതിയാക്കി. 

പരിഹാരം അകലെ
കാലാവസ്ഥാ വ്യതിയാനം കാരണം മുൻ വർഷങ്ങളിൽ ഉൽപാദന കുറവ് സംഭവിച്ചതിനാൽ മരുന്നു തളി, പൂ പരി‌പാലനം എന്നിവയിൽ കർഷകർക്കു നിർദേശങ്ങൾ നൽകാൻ സീസൺ തുടക്കത്തിൽ കൃഷിവിജ്ഞാന കേന്ദ്രത്തിൽ നിന്നു ശാസ്ത്രജ്ഞരെ നിയോഗിക്കണമെന്നു കർഷകരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു നടപ്പായില്ല. പൂവിടുന്ന സമയത്തും തുടർന്നും നടത്തുന്ന കീടനാശിനി പ്രയോഗത്തെക്കുറിച്ചു മാർഗനിർദേശം നൽകാൻ സ്ഥിരം സംവിധാനമില്ല.

കീടനാശിനി ഏത്, എങ്ങനെ ഉപയോഗിക്കണം എന്നതു സംബന്ധിച്ച അജ്ഞത കാരണം കീടനാശിനി കമ്പനി പ്രതിനിധികൾ നിർദേശിക്കുന്ന മരുന്നു തളിക്കുന്ന സാഹചര്യമുണ്ട്. നിരോധിത കീടനാശിനി പ്രയോഗിക്കുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനും സംവിധാനമില്ല. മൂവായിരത്തിലധികം ഹെക്ടർ സ്ഥലത്തു മാവു കൃഷി ചെയ്തു കോടികൾ വിറ്റുവരവ് ഉണ്ടാക്കുന്ന മുതലമടയിൽ പരിമിത ജീവനക്കാരെ കൊണ്ടു പ്രവർത്തിക്കുന്ന കൃഷിഭവനാണ് ആശ്രയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com