ADVERTISEMENT

കൽപാത്തി ∙ രഥോത്സവത്തിനു കൊടിയേറിയ കൽപാത്തിയിൽ സംഗീതോത്സവത്തിനും തിരിതെളിഞ്ഞു. പുരന്ദരദാസർ ദിനത്തോടെയായിരുന്നു തുടക്കം. ആദ്യ ദിനത്തിൽ ജി.ബേബി ശ്രീരാം കച്ചേരി അവതരിപ്പിച്ചു. സുനിത ഹരിശങ്കർ വയലിനിലും പാലക്കാട് എ.എം.ഹരിനാരായണൻ മൃദംഗത്തിലും ഉഡുപ്പി ശ്രീകാന്ത് ഗഞ്ചിറയിലും അകമ്പടിയേകി. സംഗീതോത്സവം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി. നഗരസഭാധ്യക്ഷ പ്രിയ അജയൻ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, നഗരസഭാംഗങ്ങളായ വി.ജ്യോതിമണി, കെ.വി.വിശ്വനാഥൻ, സുഭാഷ് കൽപാത്തി, സംഗീതോത്സവം ജനറൽ കൺവീനർ പി.എൻ.സുബ്ബരാമൻ, കൺവീനർമാരായ കരിമ്പുഴ രാമൻ, പ്രകാശ് ഉള്ള്യേരി, ഡിടിപിസി അംഗം ടി.കെ.ദേവദാസ്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്.അനിൽകുമാർ, ഡിടിപിസി സെക്രട്ടറി ഡോ.എസ്.വി.സി‍ൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു.ചാത്തപുരം മണി അയ്യർ റോഡിൽ തയാറാക്കിയ സംഗീതജ്ഞൻ പി.എസ്.നാരായണസ്വാമി നഗറിലാണു സംഗീതോത്സവം നടക്കുന്നത്.

സംഗീതോത്സവത്തിൽ ഇന്ന്
മുത്തുസ്വാമി ദീക്ഷിതർ ദിനമായ ഇന്നു വൈകിട്ട് 5നു ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളജ് വിദ്യാർഥികളുടെ സംഗീതാർച്ചന ഉണ്ടായിരിക്കും. 7ന് എസ്.സാകേതരാമന്റെ സംഗീത കച്ചേരിക്ക് എടപ്പള്ളി അജിത്കുമാർ വയലിനിലും ചേർത്തല ആർ. ആനന്ദകൃഷ്ണൻ മൃദംഗത്തിലും ഉഡുപ്പി ശ്രീധർ ഘടത്തിലും അകമ്പടിയേകും.

 കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ അലങ്കാരം.
കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ അലങ്കാരം.

കൽപാത്തിയിൽ ഇന്ന് 
വിശാലാക്ഷി സമേതവിശ്വനാഥ സ്വാമി ക്ഷേത്രം
രാവിലെ 7ന് ഏകാദശ രുദ്രജപം, അഭിഷേകം, യാഗശാല പൂജ, അഷ്ടപദി, വേദപാരായണം. വൈകിട്ട് 6ന് ഷോഡശ ഉപചാര പൂജ, വിശേഷാൽ അലങ്കാരം, യാഗശാല പൂജ, വേദപാരായണം, ഗ്രാമപ്രദക്ഷിണം.

പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ അരങ്ങേറിയ നൃത്ത സമന്വയം. 		       
ചിത്രം: മനോരമ
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ അരങ്ങേറിയ നൃത്ത സമന്വയം. ചിത്രം: മനോരമ

പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം
രാവിലെ 8നു വേദപാരായണം, രുദ്രാഭിഷേകം, വൈകിട്ട് 4നു വേദപാരായണം, 6.45നു ക്രമാർച്ചന, രാത്രി 9നു ഗ്രാമപ്രദക്ഷിണം. വൈകിട്ട് 6.30നു വിശാഖ് അയ്യരുടെ കർണാടക സംഗീത കച്ചേരി. അന്നപൂർണി ഗണേശൻ വയലിനിലും സി.കെ.കൃഷ്ണൻ മൃദംഗത്തിലും അകമ്പടിയേകും. 7.45ന് വി.വൈഷ്ണവി, ആർ.കാവ്യ, അമൃത ബാല, ഷഹാന, ശ്രേഷ്ഠ എന്നിവരുടെ ശാസ്ത്രീയ നടനം അരങ്ങിലെത്തും.
ഇന്നലെ മീര സന്തോഷ് അയ്യർ, ഗിരീഷ് പ്രണവം എന്നിവരുടെ നൃത്ത സമന്വയവും കെ.ജി.ലളിതയുടെ കർണാടക സംഗീത കച്ചേരിയും അരങ്ങിലെത്തി. കച്ചേരിയിൽ ശാന്തി പരശുറാം വയലിനിലും സി.കെ.കൃഷ്ണൻ മൃദംഗത്തിലും അകമ്പടിയേകി.

പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലെ വേണുഗോപാല അലങ്കാരം. 		      
ചിത്രം: മനോരമ
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലെ വേണുഗോപാല അലങ്കാരം. ചിത്രം: മനോരമ

ആഞ്ജനേയ വാഹനഅലങ്കാരം 
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് ആഞ്ജനേയ വാഹന എഴുന്നള്ളത്തു നടക്കും. ഒട്ടേറെ ഭക്തർ ആഞ്ജനേയനു വടമാല സമർപ്പിക്കാനും എഴുന്നള്ളത്തു കണ്ടുതൊഴാനും എത്തും. ശനിദോഷം മാറ്റാനും ദുരിതദോഷങ്ങൾ അകറ്റാനും ആഞ്ജനേയനു വടമാല സമർപ്പിക്കുന്നത് ഉത്തമമെന്നാണു വിശ്വാസം. രാവിലെ 8.30നു വിഘ്നേശ്വര പൂജ, 11നു കളഭാഭിഷേകം ചടങ്ങുകൾ നടക്കും. വൈകിട്ട് ആഞ്ജനേയ വാഹന അലങ്കാരം ഉണ്ടായിരിക്കും. പ്രത്യേക പൂജകൾക്കു ശേഷം രാത്രി 8.30ന് വടമാല പ്രസാദ വിതരണം നടക്കും. 9ന് എഴുന്നള്ളത്ത്.

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാരം
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാരം

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം
രാവിലെ പൂജകൾ, വേദപാരായണം, രാത്രി 9നു പല്ലക്ക് എഴുന്നള്ളത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com