ADVERTISEMENT

രഥോത്സവത്തിനുള്ള തേരൊരുക്കത്തിലാണു കൽപാത്തി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പെയിന്റടിച്ച ശേഷം തേരിനു മുകളിൽ ചപ്രം കെട്ടൽ ആരംഭിച്ചു. ഇതിനു ശേഷം രഥാരോഹണത്തിനു മുൻപായി ഞെട്ടിമാലകൾ തൂക്കുന്നതോടെ തേരിന് ഏഴഴകാകും. പഴം, അടയ്ക്ക, ഇളനീർ, പൂക്കൾ ഉൾപ്പെടെ പ്രകൃതി വിഭവങ്ങൾ കൊണ്ട് അലങ്കരിക്കുന്ന തേര് കാണേണ്ട കാഴ്ച തന്നെയാണ്. 

ദേവവൃക്ഷങ്ങൾ
വ്രതം നോറ്റു ശുദ്ധിയോടെ ചിട്ടവട്ടങ്ങൾ പാലിച്ചുവേണം തേരു നിർമാണം. തമിഴ്നാട്ടിൽ നിന്നുള്ള തച്ചുശാസ്ത്ര വിദഗ്ധരാണു കൽപാത്തി ഉൾപ്പെടെയുള്ള അഗ്രഹാരങ്ങളിൽ തേരൊരുക്കിയിട്ടുള്ളത്. പുതിയ തേരൊരുക്കുന്നതും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. തേരു നിർമാണത്തിനു ലക്ഷണമൊത്ത മൂപ്പും കാതലുമുള്ള മരം നിർബന്ധമാണ്. വേങ്ങ, കരിമരുത്, ഇരുപ്പ, തേക്ക് തുടങ്ങിയ മരങ്ങളാണു തേരു നി‍ർമാണത്തിന് ഉപയോഗിക്കുക. തേരിന് അലങ്കാരം കൂടാതെ 15 അടി വരെ ഉയരം കാണും. തേരിൽ ദേവനെ ഇരുത്തുന്ന സിംഹാസനം നിർമിക്കുന്നതു തേക്ക് തടിയിലാണ്. തേരിന്റെ അച്ചുതണ്ട് (രണ്ടു ചക്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്) കരിമരുത് മരത്തിലാണു നിർമിക്കുക. കാരിരുമ്പിന്റെ ബലമുണ്ട് കരിമരുതിന്. ചക്രം ഒരുക്കുന്നത് ഇരുപ്പ മരത്തിലാണ്. ഇത്തരം മരങ്ങളെ ദേവവൃക്ഷങ്ങൾ എന്നാണു വിളിക്കുക. ഇതിൽ കരിമരുത് കേരളത്തിൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം ചാത്തപുരം തേരു പുതുക്കിപ്പണിതപ്പോൾ പൊള്ളാച്ചിയിൽ നിന്നാണു കരിമരുത് എത്തിച്ചത്. പൊള്ളാച്ചിക്കാർ വിദേശത്തു നിന്നാണു മരം എത്തിച്ചത്. ഇത്തരം മരങ്ങൾ സംരക്ഷിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉണ്ട്.

palakkad-new-kalpathi-manthakara-mahaganapati-temple-theru

പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം
പുതിയ കൽപാത്തി ഗ്രാമത്തിലെ തേരിലാണു മന്തക്കര മഹാഗണപതി ഗ്രാമപ്രദക്ഷിണം നടത്തുക. ഇതിനായി തേരൊരുക്കം ത്വരിതഗതിയിലാണ്. രണ്ടാം തേരുത്സവദിനമായ 15നു രാവിലെ 10നും 11നും ഇടയ്ക്കാണ് രഥാരോഹണം. അന്നു രാവിലെ മുതൽ മന്തക്കര മഹാഗണപതിയും പ്രദക്ഷിണ വീഥികളിലേക്കിറങ്ങും.

കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം
വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയുടെ തേര് (ശിവൻ തേര്), ഗണപതി തേര്, വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമി തേരുകളാണ് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലുള്ളത്. 14നു രാവിലെ 11നും 11.30നും ഇടയ്ക്കു 3 തേരുകളിലും രഥാരോഹണം നടക്കും. ഇതോടെയാണു കൽപാത്തിയിൽ ദേവരഥ പ്രദക്ഷിണം ആരംഭിക്കുക. തേരൊരുക്കം അവസാന ഘട്ടത്തിലാണ്.

palakkad-chathapuram-prasanna-mahaganapati-temple-theru

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം 
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ 16നു രാവിലെ 10.05നും 11.25നും ഇടയ്ക്കു രഥാരോഹണം നടക്കും. കഴിഞ്ഞ വർഷമാണു ക്ഷേത്രത്തിലെ തേരു പുതുക്കിപ്പണിതത്. രഥോത്സവത്തിനായി തേരൊരുക്കം തുടങ്ങി.

palakkad-old-kalpathi-lakshminarayana-perumal-temple--theru

പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ 16നു രാവിലെ 10നും 10.30നും ഇടയ്ക്കാണ് രഥാരോഹണം. ഇതിനായി തേര് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം പുതിയ തേരു നിർമിക്കാനുള്ള തയാറെടുപ്പിലാണു ഗ്രാമക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com