ADVERTISEMENT

കൽപാത്തി ∙ രഥോത്സവത്തിനു കൊടിയേറി അഞ്ചാം തിരുനാൾ ദേവരഥ സംഗമം കണ്ടു തൊഴുത കൽപാത്തിയിൽ ഇന്നുമുതൽ ഭക്തിയുടെ തേരോട്ടം തുടങ്ങുകയായി. ഒരാണ്ടു നീളുന്ന വ്രതശുദ്ധിയോടെ കൽപാത്തി കാത്തിരിക്കുന്ന ദേവരഥസംഗമമെന്ന പുണ്യ ദർശനത്തിലേക്കുള്ള തേരു പ്രദക്ഷിണം ഇന്നാരംഭിക്കും. 

ദേവഭൂമിയായി മാറിയ കൽപാത്തിയിൽ ഇന്ന് ഒന്നാം തേരുത്സവം ആഘോഷിക്കും. അനുഗ്രഹവും ഐശ്വര്യവും ചൊരിഞ്ഞെത്തുന്ന ദേവരഥങ്ങളെ വരവേൽക്കാൻ കൽപാത്തി ഒരുങ്ങിക്കഴിഞ്ഞു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിയും ഗണപതിയും വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറി ഇന്നു ഗ്രാമപ്രദക്ഷിണം ആരംഭിക്കും. പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ നാളെയാണു രഥാരോഹണം. തുടർന്നു മന്ദക്കര മഹാഗണപതിയും പ്രദിക്ഷിണ വഴികളിലേക്കിറങ്ങും. 

മൂന്നാം തേരുത്സവ ദിനമായ 16നാണു പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം. അന്നു ത്രിസന്ധ്യയിൽ തേരുമുട്ടിയിൽ ദേവരഥങ്ങൾ സംഗമിക്കുന്നതോടെ കൽപാത്തി കാത്തിരുന്ന ശുഭമുഹൂർത്തമാകും. ആ സംഗമം കണ്ടു തൊഴാൻ പതിനായിരങ്ങൾ കൽപാത്തിയിലെത്തും. 

ഭക്തരുടെ സാരഥ്യത്തിലാണു ദേവരഥ പ്രദക്ഷിണം. വർഷം മുഴുവൻ ക്ഷേത്രത്തിൽ ദേവസന്നിധിയിലെത്തി തൊഴുന്ന ഭക്തരെ അഗ്രഹാരത്തിൽ അവരുടെ അടുത്തെത്തി അനുഗ്രഹിക്കുന്ന പുണ്യദിനം കൂടിയാണ് ഇനിയുള്ള 3 നാൾ. തേരുവലിക്കുന്നതും ദേവരഥ പ്രദക്ഷിണം കണ്ടു തൊഴുന്നതും പുണ്യകരമെന്നാണു വിശ്വാസം. ആ വിശ്വാസപ്രഭയിൽ രഥോത്സവത്തിൽ പങ്കാളികളാകാൻ ഇന്നു മുതൽ പതിനായിരങ്ങൾ കൽപാത്തിയിലെത്തും. 

ഇന്നത്തെ പരിപാടി

വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം

കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഇന്നു രാവിലെ 7ന് ഉപനിഷത്ത് പാരായണം, വേദപാരായണം സമാപനം, 8.30നു വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്കു കല്യാണോത്സവം ചടങ്ങുകൾക്കു ശേഷം 11നും 11.30നും ഇടയ്ക്കു രഥാരോഹണം നടക്കും. ശിവപാർപതിമാരെയും ഗണപതിയെയും വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയെയും തേരിലേറ്റുന്നതോടെ രഥപ്രദക്ഷിണത്തിനു തുടക്കമാകും. പുതിയ കൽപാത്തി ഗ്രാമത്തിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം രാവിലത്തെ പ്രദക്ഷിണം അവസാനിക്കും. പിന്നീട് വൈകിട്ട് 4നു പുനരാരംഭിക്കും. 

പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം

രാവിലെ 8നു വേദപാരായണം, രുദ്രാഭിഷേകം. വൈകിട്ട് 4നു വേദപാരായണം, 6.45നു ക്രമാർച്ചന, രാത്രി 9ന് അശ്വവാഹനത്തിൽ ഗ്രാമപ്രദക്ഷിണം. ക്ഷേത്രത്തിൽ നാളെ 10നും 11നും ഇടയ്ക്കാണു രഥാരോഹണം. 

പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം

രാവിലെ 8.30നു വിഘ്നേശ്വര പൂജ, സങ്കൽപം, 11നു കളഭാഭിഷേകം, വൈകിട്ട് മോഹിനി അലങ്കാരം. രാത്രി 8.30ന് എഴുന്നള്ളത്ത്. നാളെ വൈകിട്ടു കുതിര വാഹന അലങ്കാരം. 16നാണു രഥാരോഹണം

ചാത്തപുരം പ്രസന്ന  മഹാഗണപതി ക്ഷേത്രം

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും പൂജകൾക്കു ശേഷം രാത്രി 9നു മൂഷിക വാഹനത്തിൽ എഴുന്നള്ളത്ത്. 15നു രാത്രി അശ്വവാഹനത്തിൽ എഴുന്നള്ളത്ത്, 16നു രാവിലെയാണു രഥാരോഹണം.

ബ്രഹ്മോത്സവത്തിലേക്ക് സ്വാഗതം 

ഉമാമഹേശ്വരൻ കുമരപുരം

കൽപാത്തി രഥോത്സവം എന്നു സാമാന്യമായി പറയാറുണ്ടെങ്കിലും ഇതു യഥാർഥത്തിൽ ബ്രഹ്‌മോത്സവം തന്നെയാണ്. നാം ആത്മാവെന്നും ബ്രഹ്മമെന്നും പരമാത്മാവെന്നും പരംപൊരുളെന്നുമെല്ലാം പല പേരുകളിൽ വിളിക്കുന്ന ശുദ്ധചൈതന്യമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. വിശ്വനാഥൻ, വിശാലാക്ഷി, ഗണപതി, മുരുകൻ, നാരായണൻ എന്നീ ദേവതകളെല്ലാം ആ പരംപൊരുളിന്റെ വിവിധ ആവിർഭാവങ്ങൾ. വിഷ്ണുബ്രഹ്മശിവസ്വരൂപഹൃദയം വന്ദേ സദാ ഭാസ്കരം’ എന്നാണ് ആദിത്യഹൃദയമന്ത്രത്തിലെ പ്രാർഥന. 

 തേരോട്ടം

ശ്വാസത്തിൽ ഭക്തി കലർന്ന ഈ വേദഭൂമിയിൽ ഇന്ന് ഒന്നാം തേര്. കുണ്ടമ്പലം എന്നു പ്രസിദ്ധമായ ക്ഷേത്രത്തിലെ വിശാലാക്ഷീസമേത വിശ്വനാഥ സ്വാമി, വള്ളി- ദേവയാനീസമേത സുബ്രഹ്മണ്യസ്വാമി, വിഘ്നേശ്വരൻ എന്നിവർ അഗ്രഹാരപ്രയാണം തുടങ്ങുന്ന ദിവസം. കുണ്ടമ്പലത്തിൽ ഒന്നാം തേരിനുള്ള ഒരുക്കങ്ങൾ അതിരാവിലെ തന്നെ തുടങ്ങും. മഹാന്യാസം, രുദ്രം, ചമകം, അഭിഷേകം, കളഭാഭിഷേകം, വേദപാരായണം, ഉപനിഷദ് പാരായണം തുടങ്ങി വേദവിധി പ്രകാരമുള്ള ചടങ്ങുകളെല്ലാം ചിട്ടയായി നടക്കും. ചടങ്ങ് എന്ന പദം തന്നെ വേദകാലഘട്ടത്തിന്റേതാണ്.

വേദങ്ങൾക്ക് ശിക്ഷ, ഛന്ദസ്സ്, വ്യാകരണം, നിരുക്തം, ജ്യോതിഷം, കൽപം എന്നിങ്ങനെ ആറ് അംഗങ്ങൾ; (ഷഡ് + അംഗ = ഷഡംഗ) ഷഡംഗം ആണ് ചടങ്ങ് എന്നായി മാറിയത്. വേദമാണ് എല്ലാ ചടങ്ങുകളുടെയും അടിസ്ഥാനം എന്നർഥം. ഈ ഉത്സവത്തിന്റെ കാരണവരായ വിശ്വനാഥസ്വാമി കുടുംബസമേതം പുറപ്പെടുമ്പോൾ കൈലാസപതേ, കൈലാസപതേ എന്ന വിളി പരശ്ശതം കണ്ഠങ്ങളിൽ നിന്ന് ഉയർന്ന് അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളും. പ്രത്യേകമായി തയാറാക്കപ്പെട്ട പുഷ്പഹാരങ്ങൾ ചാർത്തിക്കൊണ്ട് ദേവൻമാർ എഴുന്നള്ളുന്ന കാഴ്ചയിൽ ഈ ദേശം ആനന്ദം കൊള്ളും. കണ്ണുകൾ അടഞ്ഞു പോകുന്ന പൂർണതയിൽ പൗരാവലി കൈകൂപ്പും.

രഥം എന്നത് അതിന്റെ വിശാലമായ അർഥത്തിൽ നമ്മുടെ ശരീരം തന്നെയാണ്. ബുദ്ധിയാണു സാരഥി, മനസ്സാണു കടിഞ്ഞാൺ, പഞ്ചേന്ദ്രിയങ്ങളാണു കുതിരകൾ, നാമെല്ലാവരിലും ചൈതന്യമായി, ഹൃദയകമലത്തിൽ വിളങ്ങുന്ന ആത്മാവാണ് ഈശ്വരൻ. ബുദ്ധിയെന്ന സാരഥി മനസ്സെന്ന കടിഞ്ഞാണിലൂടെ പഞ്ചേന്ദ്രിയങ്ങളായ കുതിരകളെ നിയന്ത്രിച്ച് ആത്മാവിനെ അറിയാൻ ശ്രമിക്കുന്ന പ്രയാണമാണു ജീവിതം.

നിലനിൽപിന്റെ സത്യമറിയുക എന്നതു മാത്രമാണു ജീവിതലക്ഷ്യമെന്നു  വേദസംസ്കാരം ഉദ്ഘോഷിക്കുന്നു. ഈ ലക്ഷ്യത്തിലെത്താനുള്ള വഴികളാണു യാഗ, യജ്ഞ, ജപ ഹോമാദി കർമങ്ങളൊക്കെ. അറിവ് (വേദം) ആണ് ആധാരം. ഞാൻ ആര് എന്ന നിരന്തരമായ അന്വേഷണമാണ് സത്യാന്വേഷണം. ആ ചോദ്യം തത്ത്വമസി എന്ന ബോധത്തിലും ബോധ്യത്തിലുമെത്തിയാൽ മോക്ഷം. ആന്തരികമായ ശാന്തിയാണു മോക്ഷം.ബോധമാണ് ശിവൻ (വിശ്വനാഥൻ), ശക്തിയാണ് പാർവതി (വിശാലാക്ഷി). അതാണ്  വിശാലാക്ഷീ വിശ്വനാഥ സംഗമം. ഇതുകൊണ്ടാണ് കൽപാത്തിയിലെ ഉത്സവം ബ്രഹ്മോത്സവം ആവുന്നത്.

രഥാരോഹണം

ഇന്നു രാവിലെ 11നും 11.30നും ഇടയ്ക്കാണ് കുണ്ടമ്പലത്തിൽ രഥാരോഹണം. പരശ്ശതം ജനങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് ദേവന്മാർ രഥമേറുന്ന കാഴ്ചയിൽ ജനം ജയഭേരി മുഴക്കും, ‘ഹരോ ഹരോ ശിവോ ശിവോ.’രഥാരോഹണം കഴിഞ്ഞാൽ രഥപ്രയാണം. രാജകീയമായ ദൃശ്യമാവും കൺമുന്നിൽ. കുലുങ്ങി കുണുങ്ങിക്കൊണ്ടു മണിയടി ശബ്ദത്തിൽ വിശ്വനാഥരും കുടുംബവും മൂന്നു രഥങ്ങളിലായി അഗ്രഹാരങ്ങളെ കാണാനായി എഴുന്നള്ളും. വന്ദ്യവയോധികനും കൽപാത്തിയുടെ ചരിത്രത്തിന്റെ കൂടെ നടന്ന ദേശവാസിയുമായ പെരുമാൾ മാമ ഒരിക്കൽ എന്നോടു പറഞ്ഞു: ‘എന്നത്തിനാലെ തേര് കുലുങ്കറത് തെരിയുമാ? വിശ്വനാഥർ രഥത്തിലെ ഏറിനപ്പോ തേരു നാണിച്ചു കുലുങ്കി ചിലങ്കറത്... തേര്ക്ക് സ്വാമീട്ടെ അത്ര ഭക്തി.’ഇതു ശിലയെ ശിവരൂപമാക്കുന്ന ഈ ദേശത്തിന്റെ നന്മ.

 മന്ദക്കര കുതിരയോട്ടം

ഇന്നു രാത്രി മന്ദക്കരയിൽ (മന്ദാരക്കരയാണ് മന്ദക്കരയായത്) കുതിരയോട്ടം. ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണിത്. യുവതയുടെ ഈ ആഘോഷത്തിൽ മഹാഗണപതിയെയും കുതിരയെയും അലങ്കരിക്കൽ ഉച്ചയ്ക്കു തന്നെ തുടങ്ങും. ദേശത്തെ സംരക്ഷിക്കുന്ന ദേവനാണ്. അശ്വയാത്രയ്ക്ക് യഥാവിധി ഒരുക്കേണ്ടതുണ്ട്. രാത്രി ആയിത്തുടങ്ങുന്നതോടെ മഹാഗണപതി ഗാംഭീര്യത്തോടെ അശ്വാരൂഢനാവും. 

‘മന്ദക്കര മഹാഗണപതി കീ ജയ്, ജയ്, ജയ്’ എന്ന ഉച്ചത്തിലുള്ള വിളികളുടെ പശ്ചാത്തലത്തിൽ കുതിരയോട്ടം മുന്നേറും. ഭീമാകാരമായ മുളകളെ താങ്ങി പ്രയാണത്തെ മുന്നോട്ടു കൊണ്ടുപോകാൻ യുവജനങ്ങൾ കാത്തുനിൽക്കും. മണ്ഡലപ്പടി  നൈവേദ്യം, വർണാഭമായ പൂക്കുറ്റികൾ, വിഘ്നങ്ങളെ തച്ചുടയ്ക്കുന്ന വിഘ്നേശ്വരന്റെ കുതിരയോട്ടത്തിനു പ്രതീകാത്മകമായി പടക്കങ്ങൾ...ഈ ഉത്സവലഹരിയിലേക്കു സുസ്വാഗതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com