ADVERTISEMENT

കൽപാത്തി ∙ ഭക്തിയുടെ കളഭമണിഞ്ഞ തേരുകൾ, കാഴ്ചകൾ, മേളം, ജനസാഗരം... അവയെ തഴുകി തേർകാറ്റ്; കൽപാത്തിയിൽ ദേവരഥങ്ങൾ അനുഗ്രഹ പ്രദക്ഷിണം തുടങ്ങി. ഒന്നാം തേരുത്സവ ദിനത്തിൽ കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരും ഗണപതിയും വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും രഥാരോഹണത്തിനു ശേഷം പ്രദക്ഷിണ വഴികളിലേക്കിറങ്ങി. നാളെ ത്രിസന്ധ്യയിൽ ദേവരഥസംഗമം കഴിയുന്നതു വരെ ദേവകുടുംബം ഭക്തരോടൊപ്പം കൽപാത്തിയിലെ പ്രദക്ഷിണ വഴികളിലുണ്ടാകും. ഇന്നലെ രാവിലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ കല്യാണോത്സവത്തിനു ശേഷം ഉത്സവമൂർത്തികളെ ശ്രീകോവിലിൽ നിന്നു പുറത്തേക്ക് എഴുന്നള്ളിച്ചു. 

കൽപാത്തി രഥോത്സവത്തിൽ ഭക്തർ വലിക്കുന്ന തേരു പിന്നിൽ നിന്നു തള്ളിക്കൊടുക്കുന്ന ആന.
കൽപാത്തി രഥോത്സവത്തിൽ ഭക്തർ വലിക്കുന്ന തേരു പിന്നിൽ നിന്നു തള്ളിക്കൊടുക്കുന്ന ആന.

വിഘ്ന നിവാരണത്തിനായി ആദ്യം ഗണപതിയെയാണ് എഴുന്നള്ളിച്ചത്. തൊട്ടുപിന്നാലെ വള്ളി–ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയെയും ശിവപാർവതിമാരെയും എഴുന്നള്ളിച്ച് തേരുമുട്ടിയിലെത്തിച്ചു. മുഖ്യപൂജാരിമാരായ രത്നസഭാപതി, പ്രഭുദേവ സേനാപതി, വി.കെ.ഗോപിനാഥ വർമ, മാനേജിങ് ട്രസ്റ്റി വി.കെ.സുജിത്ത് വർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തേരിനെ വലംവച്ച ശേഷം ഉത്സവ മൂർത്തികളെ രഥത്തിലേറ്റി. തുടർന്ന് ആരതി ഉഴിഞ്ഞതോടെ രഥപ്രദക്ഷിണം ആരംഭിച്ചു. ഭക്തരുടെ സാരഥ്യത്തിലായിരുന്നു ദേവരഥങ്ങളുടെ യാത്ര. പുതിയ കൽപാത്തി ഗ്രാമത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ച ശേഷം രാവിലത്തെ പ്രദക്ഷിണത്തിനു സമാപനമായി.

വൈകിട്ടു പ്രദക്ഷിണം പുനരാരംഭിച്ചു മന്ദക്കര മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തി മടങ്ങി. തിരിച്ചുള്ള യാത്രയിൽ ശിവപാർവതിമാരുടെ തേര് ആദ്യം പിന്നീട് ഗണപതി, മൂന്നാമതായി സുബ്രഹ്മണ്യ തേര് ക്രമത്തിൽ യാത്ര ചെയ്ത് അച്ചൻപടിയിലെത്തി നിലയുറപ്പിച്ചതോടെ ഒന്നാം തേരുത്സവ ദിനത്തിലെ പ്രദക്ഷിണം പൂർത്തിയാക്കി. ഇന്നു വൈകിട്ട് ഇവിടെ നിന്നു പ്രദക്ഷിണം പുനരാരംഭിക്കും. വി.െക.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, നഗരസഭാധ്യക്ഷ പ്രിയ അജയൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉൾപ്പെടെ കൽപാത്തിയിലെത്തി.

രഥോത്സവത്തിൽ ഇന്ന് 
പുതിയ കൽപാത്തിയിൽ ഇന്നു രഥാരോഹണം
രണ്ടാം തേരുത്സവ ദിനമായ ഇന്നാണു പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥാരോഹണം. രാവിലെ 6നു രുദ്രാഭിഷേകം, 9നു വേദപാരായണ സമാപനം, ആശീർവാദം ചടങ്ങുകൾക്കു ശേഷം 10നും 11നും ഇടയ്ക്ക് രഥാരോഹണം നടക്കും. 11.30നു രഥോത്സവ സദ്യ, വൈകിട്ട് 4നു തായമ്പകയ്ക്കു ശേഷം 5നു രഥപ്രദക്ഷിണം പുനരാരംഭിക്കും. 

പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം 
ഇന്നു രാവിലെ 8.30നു വിഘ്നേശ്വര പൂജ, സങ്കൽപം, 11നു കളഭാഭിഷേകം, വൈകിട്ട് കുതിര വാഹനം അലങ്കാരം, രാത്രി 8.30ന് എഴുന്നള്ളത്ത് ചടങ്ങുകൾ നടക്കും. നാളെ 10നും 10.30നും ഇടയ്ക്കാണു രഥാരോഹണം.

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം
ഇന്നു രാവിലെ 8നു വേദപാരായണം, 9നു രുദ്രാഭിഷേകം, യാഗശാലപൂജ, 11.30ന് ഉത്സവബലി, വൈകിട്ട് 6നു വേദപാരായണം, രാത്രി 9നു കുതിരവാഹനം എഴുന്നള്ളത്ത്. നാളെ 10.40നും 11.20നും ഇടയ്ക്കാണു രഥാരോഹണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com