ADVERTISEMENT

കൊച്ചി ∙ അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയായ പാലക്കാട് സ്വദേശി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചു ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ശിക്ഷ നടപ്പാക്കുന്നതു സസ്പെൻഡ് ചെയ്‌ത് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ മറ്റു 12 പ്രതികൾ നൽകിയ ഹർജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചു കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്ക് മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചുവെന്നാണു കേസ്.

മധുവിനെ മുക്കാലിയിൽ എത്തിച്ചപ്പോൾ ഹുസൈൻ മധുവിന്റെ നെഞ്ചിൽ ചവിട്ടിയെന്നും പിന്നോട്ടു വീണ മധുവിന്റെ തല ഭിത്തിയിലിടിച്ചുണ്ടായ മുറിവാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. എന്നാൽ മധുവിനെ കാട്ടിൽ നിന്ന് പിടികൂടി നഗ്നനാക്കി കൈകൾ പിന്നിൽ കെട്ടി മുക്കാലിയിൽ എത്തിക്കുമ്പോൾ ഹുസൈൻ സംഘത്തിലുണ്ടായിരുന്നില്ലെന്നു വിലയിരുത്തിയാണ് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് പേരുടെ ഉറപ്പും വ്യവസ്ഥ ചെയ്താണ് ജാമ്യം അനുവദിച്ചത്. അപ്പീൽ തീർപ്പാകുന്നതു വരെ പാലക്കാട് ജില്ലയിൽ പ്രവേശിക്കരുതെന്നും രാജ്യം വിട്ടു പോകരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടക്കുന്ന ഘട്ടത്തിൽ മധുവിന്റെ അമ്മ ഉൾപ്പെടെയുള്ള സാക്ഷികളിൽ ചിലരെ പ്രതികളിൽ ചിലർ ഭീഷണിപ്പെടുത്തിയെന്നതും കോടതി പരിഗണിച്ചു. തുടർന്നാണ് ശിക്ഷ മരവിപ്പിച്ചു ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഷംസുദ്ദീൻ, അബൂബക്കർ, ഉബൈദ്, നജീബ്, ജയ്‌ജുമോൻ, മരയ്ക്കാർ, രാധാകൃഷ്‌ണൻ, സിദ്ദിഖ്, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നീ 12 പ്രതികൾ നൽകിയ ഹർജി തള്ളിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com