ADVERTISEMENT

കൂറ്റനാട്∙ നാലു മാസമായിട്ടും വീടിനു മുകളിൽ വീണ മരം മുറിച്ചുമാറ്റാൻ പിഡബ്ല്യുഡി അധികൃതർ തയാറാകാത്തതിനെ തുടർന്ന് ഉടമസ്ഥർക്കു പൂട്ടിയിടേണ്ടിവന്ന വീട്ടിൽ  മോഷ്ടാക്കൾ താമസിച്ച് സാധനങ്ങൾ അപഹരിച്ചു. 

പണമോ ആഭരണങ്ങളോ ഇല്ലാതിരുന്നതിനാൽ വാതിലിന്റെ മണിച്ചിത്രത്താഴ് അടക്കമുള്ള ലോക്കുകൾ, പൈപ്പുകൾ, മറ്റു സാമഗ്രികൾ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. വീടിനകത്തെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. കിടപ്പറയിലെ കിടക്കയും മറ്റും ഉപയോഗിച്ച തായി കണ്ടെത്തി. നാലു മാസം മുൻപാണ് സംസ്ഥാന പാതയോരത്ത് നിന്നിരുന്ന ഭീമൻ മാവ് കടപുഴകി വാവന്നൂർ ചാലിപ്പുറത്ത് മേലേതലയ്ക്കൽ അബൂബക്കറിന്റെ വീടിനു മുകളിലേക്കു വീണത്. അന്നു മുതൽ മരം മുറിച്ചുമാറ്റുന്നതിനു  വീട്ടുകാർ തൃത്താല പിഡബ്ല്യുഡി ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല എന്നാണ് പരാതി. 

തുടർന്ന് പഞ്ചായത്ത് അംഗം ഇ.വി.അസീബ് പല തവണ തൃത്താല പിഡബ്ല്യുഡി എൻജിനീയറെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതായി പറയുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി. രണ്ടു നിലകളുള്ള വലിയ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന നിലയിലാണ്.  മുറ്റം കാടുകയറിയ നിലയിലും. 

മരം വീണ് സംഭവിച്ച നാശനഷ്ടത്തിന് പരിഹാരവുമില്ല. ഇപ്പോൾ മോഷ്ടാവ് വലിയ വിലയുളള വാതിൽ അടക്കം തകർത്തത് മൂലം ഉടമസ്ഥനു നഷ്ടം വേറെയും സംഭവിച്ചു. നഷ്ടപരിഹാരം നൽകുകയും മാവ് മുറിച്ചുനീക്കാൻ അടിയന്തര നടപടി ഉണ്ടാകുകയും ചെയ്തില്ലെങ്കിൽ തൃത്താല പിഡബ്ല്യുഡി ഓഫിസിനു മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പഞ്ചായത്ത് അംഗം ഇ.വി.അസീബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com