ADVERTISEMENT

ചിറ്റൂർ ∙ സംസ്ഥാന എക്സൈസിനു നാണക്കേടുണ്ടാക്കിയ സന്തേ‍ാഷപ്പണ ഇടപാട് ഇടവേളയക്കു ശേഷം പുതിയ വേഷത്തിൽ എത്തിയെന്ന് ആരോപണം. കള്ളുചെത്ത്, ഷാപ്പ് പെർമിറ്റുകൾ ഓൺലൈൻ വഴി ആയതോടെ ഇടപാട് തടസ്സപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ തെങ്ങിൻ തോപ്പുകളിൽ നേരിട്ടെത്തി പണം ചോദിച്ചുവാങ്ങുന്നതായാണു പരാതി. മഫ്തിയിൽ ബൈക്കിലെത്തുന്ന സംഘം കള്ളിനു ലീറ്ററിന് 12 രൂപ ആവശ്യപ്പെടുന്നതായാണു വിവരം. കെ‍ാടുത്തില്ലെങ്കിൽ, ചെത്തിയ കള്ള് പുറത്തുകെ‍ാണ്ടുപേ‍ാകാൻ ബുദ്ധിമുട്ടുമെന്നും കേസുണ്ടാകുമെന്നാണു ഭീഷണിയത്രേ.

ബൈക്കിലെത്തുന്ന സംഘം തേ‍ാപ്പിലെ തൊഴിലാളികളുടെ ഫേ‍ാണിൽ കള്ളു പെർമിറ്റ് എടുത്ത കരാറുകാരനെ വിളിച്ച് ഉദ്യോഗസ്ഥർക്കു സൗകര്യമുള്ള സ്ഥലത്തും സമയത്തും കള്ളിന്റെ അളവനുസരിച്ചു തുക എത്തിച്ചു നൽകാനാണ് ആവശ്യപ്പെടുന്നത്. ചിറ്റൂർ എക്സൈസ് സർക്കിളിന്റെ കണക്കനുസരിച്ച് മേഖലയിൽ നിന്ന് 735 പെർമിറ്റുകളിൽ 2,68,594 ലീറ്റർ കള്ള് കൊണ്ടുപോകാനാണ് അനുമതി. റേഞ്ചിനകത്ത് 290 പെർമിറ്റുകളിൽ 68,850 ലീറ്റർ കള്ളും ചെത്താം. മെ‍ാത്തം ഒരുദിവസം 3,37,444 ലീറ്റർ കള്ള് ചെത്തുന്നതായാണു കണക്ക്. 6 മാസമാണു പെർമിറ്റ് കാലാവധി. ഈ കാലയളവിനാണ് ലീറ്ററിന് 12 രൂപ സന്തോഷപ്പണമായി ആവശ്യപ്പെടുന്നത്.

കൂട്ടനടപടിക്കു പിന്നാലെ നിലച്ചു, പുതിയ രൂപത്തിൽ തിരിച്ചെത്തി

സന്തേ‍ാഷപ്പണം, കലക്കു കള്ള് ഇടപാടുകൾക്ക് 2021–2022 വർഷത്തിൽ രണ്ട് ഡപ്യൂട്ടി കമ്മിഷണർമാർ ഉൾപ്പെടെ 54 പേരാണു ജില്ലയിൽ സസ്പെൻഷനിലായത്. വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്രയും വലിയ കൂട്ടനടപടി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയാണ് മുൻ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ സ്വീകരിച്ചത്. നടപടികൾ മുഴുവൻ ഡിജിറ്റലാക്കാനുള്ള നടപടികൾക്കും അദ്ദേഹം തുടക്കമിട്ടു. പിന്നീടു നിയമനങ്ങളും സ്ഥലംമാറ്റവും വഴി അഴിമതി ആരേ‍ാപണം നേരിടുന്നവരും പാർട്ടി ബന്ധമുള്ളവരും പ്രധാനകേന്ദ്രങ്ങളിൽ എത്തിയതേ‍ാടെയാണു സന്തേ‌ാഷപ്പണം വീണ്ടും പിരിച്ചുതുടങ്ങിയതെന്നു കള്ളു കച്ചവടക്കാർ പറയുന്നു. ഇവർക്കു രാഷ്ട്രീയ നേതാക്കളിൽ ചിലരുടെ പിന്തുണയുമുണ്ടെന്നും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com