യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾ അട്ടപ്പാടിയിൽ പിടിയിലായി
Mail This Article
അഗളി∙ കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അട്ടപ്പാടിയിൽ നിന്നു പിടികൂടി. നെട്ടൂർ സ്വദേശിയെ ഒരു മാസം മുൻപ് വാഹനത്തിൽ കടത്തിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവർന്നു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ചേർത്തല സൗത്ത് മായിത്തറ കൊച്ചുവേളി വീട്ടിൽ പി.അരുൺ (35), കൊല്ലം തേവലക്കര ബിനു (38) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
അട്ടപ്പാടി അഗളി എസ്ബിഐ കവലയ്ക്കടുത്തുള്ള വാടക ക്വാർട്ടേഴ്സിലായിരുന്നു രണ്ടാഴ്ചയായി പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവരോടൊപ്പം മറ്റു 3 പേരുമുണ്ടായിരുന്നു. സംഘത്തിലൊരാളുടെ വീട് നിർമാണത്തിനെത്തിയവരെന്നാണു പരിസരവാസികളോടു പറഞ്ഞിരുന്നത്. എറണാകുളത്തു നിന്നെത്തിയ പൊലീസ് സംഘം വീട് വളഞ്ഞെങ്കിലും 3 പേർ ഓടി രക്ഷപ്പെട്ടു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ സംഘാംഗങ്ങളാണു പിടിയിലായവരെന്നു പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ അനീഷ്, ശരത്, ശ്രീകുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഓപ്പറേഷൻ മരട് എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസിന്റെ നീക്കം.
പ്രതികളിൽ ഒരാൾ താമസിച്ചിരുന്ന കക്കുപ്പടിയിലെ വാടകമുറിയിൽ കട്ടിലിനടിയിൽ നിന്നു വാൾ കണ്ടെടുത്തു. അഗളി എസ്ഐ വി.എൻ.മുരളിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി കേസെടുത്തു.