കിണറ്റിൽപെട്ട മുതലയെ വനപാലകർ വലയിലാക്കി

Mail This Article
മേട്ടുപ്പാളയം ∙ കൃഷിസ്ഥലത്തെ കിണറ്റിൽ കണ്ടെത്തിയ മുതലയെ രാവും പകലും നീണ്ട പരിശ്രമത്തിനൊടുവിൽ വനപാലകർ വലയിലാക്കി. ശിരുമുഖ ഫോറസ്റ്റ് റേഞ്ചിൽപെട്ട ഓടന്തുറ പിരിവ് ഇന്ദിരാനഗറിലെ തിരുമൂർത്തിയുടെ തോട്ടത്തിലാണു മുതലയെത്തിയത്. 20 അടി താഴ്ചയുള്ള കിണർ നിറഞ്ഞുകിടക്കുകയായിരുന്നു. കനത്ത മഴയിൽ ഭവാനി സാഗർ ഡാമിന്റെ ജലസംഭരണിയിലെ റിവേഴ്‌സ് വാട്ടറിൽ ഭവാനിപ്പുഴയിൽക്കൂടി എത്തിയതാകാമെന്നു റേഞ്ചർ മനോജ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണു വീട്ടുകാർ മുതലയുടെ സാന്നിധ്യം കണ്ടത്. തുടർന്നു വനപാലകരെത്തി മുതലയാണെന്ന് ഉറപ്പിച്ചു. പിന്നീട് പമ്പുകൾ ഉപയോഗിച്ച് ഇന്നലെ രാവിലെ മുതൽ വെള്ളം വറ്റിക്കാൻ തുടങ്ങിയതു രാത്രി വൈകിയാണു പൂർത്തിയായത്. താഴ്ചയിൽ നിന്നു മുതലയെ പുറത്തെത്തിക്കാൻ വളരെ പണിപ്പെടേണ്ടി വന്നു. ക്രെയിൻ ഉപയോഗിച്ചു കൂടിറക്കി ഇറച്ചിക്കഷണങ്ങൾ വിതറിയപ്പോൾ കൂട്ടിൽ കയറിയ മുതലയെ ഉയർത്തി വാഹനത്തിലാക്കിയാണു കൊണ്ടുപോകാനായത്. വീണ്ടും ഭവാനി സാഗർ ജലസംഭരണിയുടെ ഭാഗമായ കൂത്താമണ്ഡി പിരിവിൽ മുതലയെ തുറന്നുവിട്ടതായി റേഞ്ചർ അറിയിച്ചു.