ADVERTISEMENT

പാലക്കാട് ∙ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലേക്കു വരികയാണ്. ‘ഇതാ ചരിത്രത്തിലാദ്യമായി ചലിക്കുന്ന മന്ത്രിസഭ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ വഴിത്താരകളെ ധന്യമാക്കി കടന്നുവരുന്നു...’ എന്ന അനൗൺസ്മെന്റ് ബസിന് അകമ്പടിയായി ഉണ്ടാകാം. ഇനി അങ്ങനെ ധൈര്യമായി പറയാം. 

മുഖ്യമന്ത്രി കടന്നുപോകുന്ന മേഖലയിലെ റോഡുകൾ പലതും അടുത്ത ദിവസം വരെ തകർന്നു തരിപ്പണമായി കിടക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങൾക്കിടെ അവയെല്ലാം നന്നാക്കി. ബാക്കിയുള്ളവ ഇന്നും നാളെയുമായി നന്നാക്കും. മുഖ്യമന്ത്രിയുടെ വരവു പ്രമാണിച്ചെങ്കിലും നന്നാക്കിയല്ലോ എന്നു ജനം ആശ്വസിക്കുന്നു.  

മുഖ്യമന്ത്രി സ‍ഞ്ചരിക്കുന്ന പാതയിലൂടെ മനോരമ ലേഖകർ നടത്തിയ യാത്രയിൽ നിന്ന് 

ഒന്നാം ദിനം: റോഡ് ക്ലിയർ 

തലേദിവസം ചെറുതുരുത്തിയിൽ താമസിക്കുന്ന മുഖ്യമന്ത്രി ആദ്യ പരിപാടിക്കായി കുളപ്പുള്ളിയിലേക്കു വരുന്ന വഴി കൊടുങ്ങല്ലൂർ‍–ഷൊർണൂർ സംസ്ഥാന പാതയുടെ ഭാഗമാണ്. നവീകരണ പദ്ധതിക്കു ടെൻഡറായിട്ട് 2 വർഷമായി. ഒട്ടും വേഗം ഇല്ലായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രാ പദ്ധതി തീരുമാനമായതോടെ ഉഷാറായി.

കുളപ്പുള്ളിയിലെ യോഗം കഴിഞ്ഞ് ചെറുതുരുത്തി–ആറങ്ങോട്ടുകര–കൂട്ടുപാത – കൂറ്റനാട് വഴിയാണു മുഖ്യമന്ത്രി നവകേരള സദസ്സിനായി ചാലിശ്ശേരിക്കു പോകുക. ഈ റോഡിലെ കുഴികൾ അടച്ചു. ചാലിശ്ശേരി - ഞാങ്ങാട്ടിരി വഴിയാണു പട്ടാമ്പിയിലെ അടുത്ത പരിപാടിക്കു പോകുക. ഈ പാതയും കുഴപ്പമില്ല. പട്ടാമ്പിയിൽ നിന്നു ചെർപ്പുളശ്ശേരിയിലേക്ക് കുലുക്കല്ലൂർ, തെങ്ങുംവളപ്പ്, കൃഷ്ണപ്പടി–നെല്ലായ് വഴിയാണു കടന്നുപോകുക. ഇവിടെ തകരാറുള്ള ഇടങ്ങളിൽ കുഴിയടയ്ക്കും. ചെർപ്പുളശ്ശേരിയിലേക്ക് എത്തും മുൻപു നെല്ലായ മേഖലയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ജനം ദുരിതം അനുഭവിക്കുകയായിരുന്നു.

ഇവിടെ കലുങ്ക് നിർമിക്കുന്ന ഭാഗത്ത് ഉൾപ്പെടെ പ്രത്യേക മിശ്രിതം ഉപയോഗിച്ചു റോഡ് നിരപ്പാക്കി. ചെർപ്പുളശ്ശേരി ടൗണിലെ റോഡുകളും നന്നാക്കി. ചെർപ്പുളശ്ശേരിയിൽ നിന്നു തൃക്കടീരി, കീഴൂർ വഴിയാണ് ഒറ്റപ്പാലം പാലപ്പുറത്തേക്കു പോകുക. ഇവിടെ നേരത്തെ തന്നെ കുഴിയടച്ചു. അന്നു രാത്രി പാലക്കാട് കെഎസ്ഇബി ഐബിയിലാണു മുഖ്യമന്ത്രിയുടെ താമസം. പാലപ്പുറത്തു നിന്നു പാലക്കാട്ടേക്ക് നല്ല റോഡാണ്, പ്രശസ്തമായ മലേഷ്യൻ കമ്പനി റോഡ്.

രണ്ടാം ദിനം: നല്ല വഴി നോക്കാം

മണലി ബൈപാസ് വഴിയാണു മുഖ്യമന്ത്രി പ്രഭാതയോഗം നടക്കുന്ന കൺവൻഷൻ സെന്ററിലേക്കു പോകുക. 7 വർഷമായി കല്ലേപ്പുള്ളി–രാമനാഥപുരം റോഡ് തകർന്നു കിടക്കുകയാണ്. എന്നാൽ കൺവൻഷൻ സെന്ററിനോടു ചേർന്ന 200 മീറ്റർ ഭാഗം അറ്റകുറ്റപ്പണി ഉടൻ ആരംഭിച്ച് രണ്ടാം തീയതിക്കു മുൻപു നന്നാക്കും.

മലമ്പുഴയിലാണ് ഉച്ചഭക്ഷണം. ഉദ്യാനത്തിനു മുന്നിലെ റോ‍ഡ് നന്നാക്കി. മുട്ടിക്കുളങ്ങരയിലേക്കുള്ള വഴിയിൽ ഒലവക്കോട് മുതൽ താണാവ് വരെ ദേശീയപാതയുടെ ഭാഗത്തു പലയിടത്തും വലിയ കുഴിയുണ്ട്. ഈ കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) പറയുന്നു‌. മുട്ടിക്കുളങ്ങര മുതൽ മുണ്ടൂർ വരെയുള്ള ദേശീയപാത നവീകരണം പൂർത്തിയായതാണ്. മുണ്ടൂർ–തൂത നാലുവരിപ്പാത പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടൂരിൽ നിന്നു കോങ്ങാട് വരെയുള്ള ഭാഗത്തിന്റെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു.

കൂട്ടുപാത ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രണ്ടുവരിയിൽ  റോഡ് നിർമാണം പൂർത്തിയാക്കി. കോങ്ങാടു നിന്നു കോട്ടശ്ശേരിയിലെത്തി ടിപ്പുസുൽത്താൻ റോഡ് വഴി മണ്ണാർക്കാട് പോകുന്നതാണ് എളുപ്പം. എന്നാൽ, അവിടെ റോഡ് പണി തീരാത്തതിനാൽ കോങ്ങാട് നിന്നു മുണ്ടൂരിലെത്തി ദേശീയപാത വഴിയാണു മണ്ണാർക്കാട്ടേക്കു പോകുക. മണ്ണാർക്കാട്ടെ സദസ്സ് കഴിഞ്ഞു പാലക്കാട്ടു തന്നെയാണു താമസം.

മൂന്നാം ദിനം: ‘ന്യൂയോർക്ക്’ പാത 

പാലക്കാടു നിന്ന് കാടാങ്കോട്–പൊൽപുള്ളി–കൊടുമ്പ് വഴിയാണു നവകേരള സദസ്സിന്റെ മൂന്നാംദിവസം ചിറ്റൂരിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും പോവുക. റോഡുകളിൽ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. ഏറെ വർഷമായി തകർന്നു കിടന്ന കൊടുമ്പ്–ചിറ്റൂർ റോഡിലും അറ്റകുറ്റപ്പണി ആരംഭിച്ചു. നിലവിൽ ഒരു ഭാഗം റീടാറിങ് നടത്തിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തിയാക്കും. ജില്ലയിലെ പ്രധാന ബസ് റൂട്ടുകളിലൊന്നായ കൊടുമ്പ്–ചിറ്റൂർ റോഡിന് വീതിയില്ലെന്നതാണു പ്രശ്നം.

ചിറ്റൂരിൽ നിന്നു പുതുനഗരം, കൊല്ലങ്കോട് വഴിയാണു നെന്മാറയിലേക്കു പോകുക. മേലാർകോട്, തൃപ്പാളൂർ വഴി ആലത്തൂരിലേക്കുള്ള പാതയും വലിയ തകരാറില്ല. ആലത്തൂരിൽ നിന്നു ജില്ലയിലെ അവസാനത്തെ പരിപാടി സ്ഥലമായ വടക്കഞ്ചേരിയിലേക്കു പോകുന്നതു വാളയാർ–വടക്കഞ്ചേരി ദേശീയപാത വഴിയാണ്, പണ്ടു മുഖ്യമന്ത്രി തന്നെ ന്യൂയോർക്കിലെ റോഡ് പോലെ എന്നു വിശേഷിപ്പിച്ച പാത.

ഗുരുദേവൻ പകർന്നസ്വർണനാണയം

ഹൃദയത്തിന് ഒരു താളമുണ്ട്. അതിൽ അപശ്രുതി വരുമ്പോഴാണു രോഗമായി മാറുന്നത്. ഡോ.മോഹൻദാസ് എന്ന മോഹൻസിങ് ഷൊർണൂരിലെ കുടുംബവീടായ മുത്തേടത്ത് എത്തുമ്പോൾ കാണാൻ കാത്തു നിൽക്കുന്ന രോഗികളോടു പറയാറുള്ളത് ഇതായിരുന്നു. ശ്രുതിഭംഗം വന്നാൽ ശ്രുതിപ്പെട്ടി പൊളിച്ചു പണിയേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്നു സാധാരണമായ ആൻജിയോപ്ലാസ്റ്റിയും ബൈപാസുമൊക്കെ വേണ്ടതു തന്നെയോ എന്ന കാര്യത്തിലും അദ്ദേഹത്തിനു കൃത്യമായ നിലപാടുണ്ടായിരുന്നു. 

ശ്രീചിത്തിര ഉൾപ്പെടെ പ്രമുഖ ആശുപത്രികളിൽ ഡോക്ടറെ കാണാനുള്ള അവസരം ലഭിക്കാതിരുന്ന ഒട്ടേറെപ്പേർക്ക് ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട് സന്ദർശനം. കൈസ്പർശം കൊണ്ടു ഹൃദയാവസ്ഥ ഗ്രഹിച്ചു ഡോക്ടർ ചികിത്സ നിർദേശിച്ചു; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ. 

ഡോക്ടർ എക്കാലത്തും സൂക്ഷിച്ച അമൂല്യവസ്തുവായിരുന്നു ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ പിതാവ് എം.പി.മൂത്തേടത്തിനു കൈമാറിയ സ്വർണനാണയങ്ങളിലൊന്ന്. പിതാവിനെ പോലെ തന്നെ ശ്രീനാരായണഭക്തനായിരുന്നു ഡോ.മോഹൻ സിങ്. ഇന്നു വർക്കല ശിവഗിരിയിലുള്ള സമാധി മന്ദിരവും ഗുരുദേവ പ്രതിമയും നിർമിച്ചു നൽകിയത് എം.പി.മൂത്തേടത്തായിരുന്നു. എം.പി.മൂത്തേടത്തിന്റെ സ്മാരകമായാണു ഷൊർണൂർ എസ്എൻ കോളജ് സ്ഥാപിച്ചത്. ഗുരുദേവ പ്രതിമ വഹിച്ചു വർക്കലയിലേക്കുള്ള തീർഥയാത്ര തുടങ്ങുന്നതും ഷൊർണൂരിലെ മൂത്തേടത്തു വീട്ടിൽ നിന്നാണ്. ജീവിതസായാഹ്നം ഷൊർണൂരിലെ വീട്ടിൽ ചെലവഴിക്കണമെന്ന ആഗ്രഹം ഡോ.മോഹൻ സിങ്ങിനുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും മറവിരോഗം അദ്ദേഹത്തെ ബാധിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽത്തന്നെ അദ്ദേഹവും കുടുംബവും താമസിച്ചു.

നവകേരള സദസ്സ്: തുക നൽകേണ്ടെന്ന് എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്

എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പുഴ പ‍ഞ്ചായത്തിൽ ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിൽ നവകേരള സദസ്സിനു തുക നൽകേണ്ടെന്നു ഭൂരിപക്ഷം അംഗങ്ങൾ.  സിപിഎമ്മിലെ മൂന്ന് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് എൽഡിഫിനു തിരിച്ചടിയായത്. പ‍ഞ്ചായത്തുകൾ 50,000 രൂപ വീതം നൽകണമെന്ന സർക്കാർ സർക്കുലറിൽ തീരുമാനം എടുക്കാനാണു യോഗം വിളിച്ചത്.  19 അംഗ ഭരണസമിതിയിൽ 14 പേരാണു യോഗത്തിൽ പങ്കെടുത്തത്.  എൽഡിഎഫിലെ ആറു പേരും യുഡിഎഫിലെ അഞ്ചു പേരും ബിജെപിയിലെ മൂന്നു പേരും.

അജണ്ട വായിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ തുക നൽകാനാവില്ലെന്ന വാദവുമായി എഴുന്നേറ്റു. തുക നൽകണമെന്നു ഭരണപക്ഷവും വാദിച്ചു. തുടർന്നു മൂന്നു കോൺഗ്രസ് അംഗങ്ങളും രണ്ടു മുസ്‌ലിം ലീഗ് അംഗങ്ങളും മൂന്നു ബിജെപി അംഗങ്ങളും ഉൾപ്പെടെ എട്ടു പേർ വെവ്വേറെ വിയോജനക്കുറിപ്പു രേഖപ്പെടുത്തി. സിപിഎം അംഗങ്ങളായ വികസന സ്ഥിരം സമിതി അധ്യക്ഷ ഷിബി കുര്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പ്രദീപ്, ടി.കെ.അംബിക എന്നിവരാണു പങ്കെടുക്കാതിരുന്നത്. കോൺഗ്രസിലെ സ്മിത ജോസഫ്, റീന സുബ്രഹ്മണ്യൻ എന്നിവരും പങ്കെടുത്തിരുന്നില്ല. 

മുഖ്യമന്ത്രി നേതൃത്വം നൽകുന്ന നവകേരള സദസ്സിനു പണം നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ  ഭൂരിപക്ഷം നേടാതെ പോയതു പാർട്ടി ഗൗവമായാണു കാണുന്നത്. ഭരണസമിതിയുടെ അംഗീകാരം ഇല്ലാതെ തുക സെക്രട്ടറിമാർക്കു നൽകാൻ കഴിയുമെങ്കിലും യോഗത്തിൽ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയാത്തതു പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. സിപിഎമ്മിനുള്ളിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ നിലനിൽക്കുന്ന വിഭാഗീയതയുമായി ഇതിനെ ചേർത്തു വായിക്കുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com