‘കേന്ദ്ര സമീപനത്തിനെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരുന്ന കാഴ്ച’
Mail This Article
പാലക്കാട് ∙ കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരുന്ന കാഴ്ചയാണ് നവകേരള സദസ്സിലുടനീളം കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് മണ്ഡലങ്ങളിലെ നവകേരള സദസ്സിൽ പ്രസംഗിക്കുകയായിരുന്നു.
പക്ഷപാതപരമായ നിലപാടാണു കേന്ദ്രം കേരളത്തോടു സ്വീകരിക്കുന്നത്. ചിലർക്ക് വാരിക്കോരി കൊടുക്കുമ്പോഴാണ് നമുക്ക് അർഹതപ്പെട്ടത് പോലും നൽകാത്തത്. രാജ്യത്ത് ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണു ശ്രമം. നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി പാർലമെന്റിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ എംപിമാർ അംഗീകരിക്കുകയുണ്ടായി.
എന്നാൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് നൽകാനുള്ള നിവേദനം അവർ ആവശ്യപ്പെട്ട പ്രകാരം തയാറാക്കി നൽകിയപ്പോൾ ഒപ്പിടാതെ പിന്മാറുകയായിരുന്നു. കേന്ദ്രസർക്കാരിനു നീരസം ഉണ്ടാകുന്നതിൽ പ്രതിപക്ഷം എന്തിനാണു വികാരംകൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കോട്ടമൈതാനത്തു നടന്ന പാലക്കാട് മണ്ഡലം നവകേരള സദസ്സിൽ സ്വാഗതസംഘം ചെയർമാൻ ടി.കെ.നൗഷാദ് അധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മുട്ടിക്കുളങ്ങര കെഎപി മൈതാനിയിൽ നടന്ന മലമ്പുഴ മണ്ഡലം നവകേരള സദസ്സിൽ എ.പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, കെ.എൻ.ബാലഗോപാൽ, തഹസിൽദാരും സംഘാടകസമിതി കൺവീനറുമായ വി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.
കോങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന മണ്ഡലം നവകേരള സദസ്സിൽ കെ.ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.പ്രസാദ്, എം.ബി.രാജേഷ്, മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ ശ്രീജിത്, പഞ്ചായത്ത് അധ്യക്ഷൻ ടി.അജിത് എന്നിവർ പ്രസംഗിച്ചു.
മണ്ണാർക്കാട് കിനാതിയിൽ മൈതാനിയിൽ നടന്ന മണ്ണാർക്കാട് മണ്ഡലം നവകേരള സദസ്സിൽ മുൻ ഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, കെ.രാജൻ, മണ്ണാർക്കാട് തഹസിൽദാർ ജെറിൻ ജോൺസൻ, അട്ടപ്പാടി തഹസിൽദാർ മോഹനൻ എന്നിവർ പ്രസംഗിച്ചു.
‘യുഡിഎഫിലെ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് തീരുമാനിക്കുന്നു’
മണ്ണാർക്കാട് ∙ യുഡിഎഫ് മുന്നണി ഒന്നായി തീരുമാനിക്കേണ്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്കു തീരുമാനിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് ബഹിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അങ്ങനെയായിരുന്നു. സാധാരണ ഗതിയിൽ യുഡിഎഫിന്റെ കൺവീനറാണ് ഇത്തരം തീരുമാനമെടുക്കേണ്ടത്. പക്ഷേ, പ്രതിപക്ഷനേതാവ് ഇത്തരത്തിലെടുക്കുന്ന തീരുമാനങ്ങൾക്കു മറ്റു ഘടകകക്ഷികൾ വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയുണ്ടെന്നു തോന്നാറുണ്ട്. ഇതല്ല സാധാരണ രീതി, ഇത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമാണെങ്കിലും ഒരു അഭിപ്രായം പറഞ്ഞു എന്നു വിചാരിച്ചാൽ മതിയെന്നും പറഞ്ഞു. മണ്ണാർക്കാട്ടെ മുസ്ലിംലീഗ് എംഎൽഎ നവകേരള സദസ്സിൽ എത്താത്തതിനെ വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി.