ADVERTISEMENT

പാലക്കാട് ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവം ഇന്നു മുതൽ 9 വരെ നടക്കും. ബിഇഎം എച്ച്എസ്എസ്, ബിഇഎം ജെബിഎസ്, സിഎസ്ഐ ഇഎംഎസ്, സെന്റ് സെബാസ്റ്റ്യൻസ് എസ്ബിഎസ്, ജിഎൽപിഎസ് സുൽത്താൻപേട്ട എന്നിവിടങ്ങളിലാണു വേദികൾ ക്രമീകരിച്ചിരിക്കുന്നത്. 15 പ്രധാന വേദികളിലും 27 ക്ലാസ്റൂം വേദികളിലുമായി 12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തോളം കലാപ്രതിഭകൾ 309 ഇനങ്ങളിൽ മത്സരിക്കും.

ആദ്യദിനമായ ഇന്നു ബിഇഎം എച്ച്എസ്എസിൽ നടക്കുന്ന രചനാ മത്സരങ്ങളിൽ 799 പേർ പങ്കെടുക്കും. രാവിലെ 9ന് വിദ്യാഭ്യാസ ഉപഡയറക്‌ടർ പി.വി.മനോജ്‌കുമാർ പതാക ഉയർത്തും. 6ന് വൈകിട്ട് 4ന് ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ 62 കലാധ്യാപകർ സ്വാഗതഗാനം ആലപിക്കും. സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ അരങ്ങുണർത്തും. സാഹിത്യകാരൻ മുണ്ടൂർ  സേതുമാധവൻ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിക്കും.

ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്ന പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്. ചിത്രം: മനോരമ
ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്ന പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്. ചിത്രം: മനോരമ

സമാപന സമ്മേളനവും സമ്മാനദാനവും 9നു വൈകിട്ട് 5നു വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയാകും. രമ്യ ഹരിദാസ് എംപി സമ്മാനദാനം നിർവഹിക്കും. ചലച്ചിത്ര നടൻ ഷാജു ശ്രീധർ മുഖ്യാതിഥിയായിയാകും.

വേണം, സൗഹൃദ മത്സരം

മത്സര വേദികൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവർക്കു വിലക്കേർപ്പെടുത്തുന്നത് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൃത്യ സമയത്തു മത്സരങ്ങൾ ആരംഭിക്കുമെന്നും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ലിന്റോ വേങ്ങശ്ശേരി, ക്യുഐപി അധ്യാപക സംഘടനാ പ്രതിനിധികളായ എം.ആർ.മഹേഷ്‌ കുമാർ, എം.എൻ.വിനോദ്, ഹമീദ് കൊമ്പത്ത്, പ്രോഗ്രാം കൺവീനർ ഷാജി എസ്.തെക്കേതിൽ, സ്വീകരണ കമ്മിറ്റി കൺവീനർ എ.ജെ.ശ്രീനി, മേളകളുടെ നോഡൽ ഓഫിസർ പി.തങ്കപ്പൻ എന്നിവർ അറിയിച്ചു.

ഭക്ഷണം, താമസം

ശാദി മഹൽ ഓഡിറ്റോറിയത്തിലാണു ഭക്ഷണശാല. ആവശ്യക്കാർക്കു ബിഗ് ബസാർ ഗവ.ഹൈസ്കൂളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഷാഫി പറമ്പിൽ എംഎൽഎ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്‌കുമാർ ജനറൽ കൺവീനറുമായ സംഘാടകസമിതിയുടെ മേൽനോട്ടത്തിൽ, 13 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണു കലോത്സവം നടക്കുന്നത്.

വേദികൾ സമരനായകരുടെ പേരിൽ

മത്സരങ്ങൾ രാവിലെ 9.30നു തുടങ്ങി രാത്രി പത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദികൾ നാലും ബിഇഎം എച്ച്എസ്എസില്. സിഎസ്ഐ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ മൂന്ന്, ബിഇഎം ജൂനിയർ ബേസിക് സ്കൂളിൽ രണ്ട്, സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂളിൽ നാല്, സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലും സുൽത്താൻപേട്ട ജിഎൽപി സ്കൂളിലും ഒന്നു വീതം വേദികളുണ്ട്.

സ്വാതന്ത്ര്യ സമര നായകരുടെ സ്മരണാർഥം മഹാത്മ, ജവാഹർലാൽ, ഉദ്ദംസിങ്, ലോകമാന്യ, ഭഗത്‌സിങ്, സർദാർ വല്ലഭ്ഭായ്, റാണി ലക്ഷ്മി ഭായ്, നേതാജി, മംഗൽ പാണ്ഡെ, ലജ്പത് റായ്, കെ.കേളപ്പൻ, മൗലാനാ ആസാദ്, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, ഗോഖലെ എന്നിങ്ങനെയാണു പേരിട്ടിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം മത്സരങ്ങൾ 8നു രാവിലെ 7.30നു കോട്ടമൈതാനത്തു നടക്കും.

വാഹന പാർക്കിങ് ക്രമീകരണം 

പാലക്കാട് ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു വിദ്യാർഥികളുമായി എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തി. 

∙ സ്കൂൾ ബസുകളും വലിയ വാഹനങ്ങളും സ്റ്റേഡിയത്തിനു സമീപത്തുള്ള മുനിസിപ്പൽ ഗ്രൗണ്ടി‍ൽ നിർത്തിയിടണം.

∙ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, സെന്റ് സെബാസ്റ്റ്യൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വാഹനങ്ങളും സ്റ്റേഡിയത്തിനു സമീപത്തുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ വിദ്യാർഥികളെ ഇറക്കി അവിടെ നിർത്തിയിടണം. 

∙ ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലേക്കും സമീപ സ്കൂളിലേക്കും കുട്ടികളുമായി വരുന്ന ചെറുവാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം മഞ്ഞക്കുളം ലോറി സ്റ്റാൻഡ്, വാടിക പാർക്കിങ് ഏരിയ, രാപ്പാടി ഓഡിറ്റോറിയത്തിനു മുൻവശം, സ്റ്റേഡിയത്തിനു സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.  

∙ കലോത്സവത്തോടനുബന്ധിച്ചു നഗരത്തിൽ ഗതാഗതത്തിരക്കു വർധിക്കുമെന്നതിനാൽ പൊതുവഴികളിൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കും.

പാർക്കിങ് സ്ഥലങ്ങൾ

∙ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിനു തെക്കുവശത്തുള്ള ഗ്രൗണ്ട് ∙ കോട്ടയ്ക്കു സമീപം വാടിക പാർക്കിങ് ഏരിയ ∙ പഴയ മഞ്ഞക്കുളം ലോറി സ്റ്റാൻഡ് ∙ രാപ്പാടി ഓഡിറ്റോറിയത്തിനു മുൻവശത്ത് റോഡിന്റെ കിഴക്കുവശം മാത്രം ∙ ടൗൺ ബസ് സ്റ്റാൻഡിനു സമീപം മംഗളം ടവറിന്റെ പിൻവശത്തുള്ള പാർക്കിങ് ഏരിയ (പകൽ സമയം മാത്രം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com