ADVERTISEMENT

നല്ലേപ്പിള്ളി ∙ രണ്ടാംവിളയ്ക്കായി തുറന്നു വിട്ട വെള്ളം റോഡിലേക്ക് ഒഴുകിപ്പാഴായി. യഥാസമയം നന്നാക്കാത്തതിനാൽ ജലസേചന കനാലിൽ മാലിന്യം അടിഞ്ഞുകൂടിയതോടെ ഒഴുക്കു തടസ്സപ്പെട്ടു നല്ലേപ്പിള്ളി ടൗൺ വെള്ളക്കെട്ടിലായി. ഇന്നലെ രാവിലെയാണു നല്ലേപ്പിള്ളി സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപത്തുള്ള പ്രദേശം വെള്ളക്കെട്ടിലായത്. റോഡിൽ കാൽമുട്ടോളം വെള്ളം നിറഞ്ഞതോടെ സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാരും കച്ചവടക്കാരും വഴിയാത്രികരും ദുരിതത്തിലായി.

നല്ലേപ്പിള്ളി ബ്രാഞ്ച് കനാലിൽ തെക്കുമുറിയിലേക്കു പോകുന്നിടത്താണു മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളതെന്നു കർഷകർ പറഞ്ഞു. ഇടയ്ക്ക് ഇവിടെ തടസ്സപ്പെട്ടു കനാൽവെള്ളം റോഡിലേക്കൊഴുകി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. വെള്ളം റോഡിലേക്ക് ഒഴുകിപ്പാഴായതോടെ ഏരിപ്പറമ്പ്, വടക്കുംപുറം, കലയാംകുളമ്പ്, കല്ലങ്കാട്, തെക്കുമുറി, ചോണ്ടത്ത് പാടം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിനു വെള്ളമെത്താത്ത സ്ഥിതിയുണ്ടായി.

ജലസേചന കനാലിനു മുകളിൽ സ്ലാബ് ഇട്ടാണ് റോഡ് വീതിയാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കനാലിനകത്തു തടസ്സമുണ്ടായാൽ സ്ലാബ് പൊളിച്ചെടുക്കുകയെന്നത് എളുപ്പമല്ല. അതിനായി പതിവായി തടസ്സമുണ്ടാകുന്ന ഭാഗത്തെ സ്ലാബിനു പകരം ആവശ്യമുള്ളപ്പോൾ എടുത്തു മാറ്റാൻ പാകത്തിനുള്ള ഇരുമ്പു കൊണ്ടുള്ള സംവിധാനം ഒരുക്കുകയോ കനാലിന്റെ മൂടിയ ഭാഗത്തേക്കു മാലിന്യം എത്താത്ത തരത്തിൽ തുറന്നു കിടക്കുന്ന ഭാഗത്ത് ഇരുമ്പുവല വച്ചു മാലിന്യങ്ങൾ തടയാനുള്ള സംവിധാനമോ ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com