മഴക്കുറവ്: പോംവഴി തേടി കർഷകർ
Mail This Article
നെന്മാറ∙ മഴ നിന്നതോടെ രണ്ടാംവിള കൃഷിയെ ഉണക്കം ബാധിക്കുന്നതിൽ നിന്നു രക്ഷിക്കാൻ സാധ്യമായ വഴികൾ കണ്ടെത്തുകയാണ് കർഷകർ. നടീൽ പണികൾ പൂർത്തിയാക്കിയ പാടങ്ങളിൽ വെള്ളം വറ്റി തുടങ്ങി. കിട്ടാവുന്ന ജല സ്രോതസ്സുകളിൽ നിന്നു വെള്ളം പമ്പ് ചെയ്തു ജലസേചനം നടത്തിവരികയാണ്. മൂപ്പ് കുറഞ്ഞ നെല്ലിനങ്ങൾ ഉപയോഗിച്ചാണു വിളയിറക്കിയതെങ്കിലും ഇനിയും രണ്ടു മാസം കൂടി വെള്ളം വേണ്ടിവരും.
പോത്തുണ്ടി ഡാം കനാലുകൾ തുറക്കുന്നതു നീണ്ടുപോയാൽ രണ്ടാംവിള കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നു കർഷകർ പറയുന്നു. ഡാമിലാണെങ്കിൽ സംഭരണ ശേഷിയുടെ പകുതി മാത്രമേ നിറഞ്ഞിട്ടുള്ളൂ. 25 അടിയിൽ താഴെ മാത്രമാണ് ജലനിരപ്പ്. രണ്ടാംവിള കൃഷിക്കായി പോത്തുണ്ടി ഡാം കനാലുകൾ വൃത്തിയാക്കി തുടങ്ങിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും പുല്ലുവെട്ടി യന്ത്രങ്ങളും ഉപയോഗിച്ചാണു ദ്രുതഗതിയിലുള്ള വൃത്തിയാക്കൽ.