ADVERTISEMENT

പാലക്കാട് ∙ കൽമണ്ഡപം ജംക്‌ഷൻ–ശേഖരീപുരം ബൈപാസിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുമ്പോഴും പ്രായോഗിക പരിഹാര മാർഗങ്ങൾ പോലും നടപ്പാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. ബൈപാസിൽ മണലി, കൊപ്പം, പലാൽ, ശേഖരീപുരം ജംക്‌ഷനുകളിൽ അപകടസാധ്യത ഏറെയാണ്.  അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുമ്പോഴും വാഹനാപകട കേസിൽ ഒതുങ്ങുകയാണു നടപടികൾ.

അപകട സാധ്യത ഏറിയ ജംക്‌ഷനുകളാണെങ്കിലും ഇവിടെ പൊലീസ് സാന്നിധ്യം ഉണ്ടാകാറില്ല. ഇടയ്ക്കിടെ സിഗ്നലുകൾ പ്രവർത്തനരഹിതമാകും. അപകടം സംഭവിച്ചാൽ ഒന്നോ, രണ്ടോ മണിക്കൂർ പൊലീസ് സാന്നിധ്യം ഉണ്ടാകും. അപ്പോഴും മോട്ടർ വാഹന വകുപ്പിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകാറില്ല. 

കോയമ്പത്തൂർ–കോഴിക്കോട് ചരക്കു ഗതാഗതത്തിന്റെ പ്രധാന വഴിയാണിത്. പാലക്കാട് നഗരത്തിലെ തിരക്കിലപ്പെടാതിരിക്കാൻ ഇതര വാഹന യാത്രക്കാരും ബൈപാസിനെയാണ് ആശ്രയിക്കുന്നത്. മണലി, കൊപ്പം, പലാൽ ജംക്‌ഷനുകൾ എത്തുന്നതിനു മുൻപായി ഇരുവശത്തും രണ്ടിടങ്ങളിൽ സ്ട്രിപ് ഹംപ് സ്ഥാപിച്ചാൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാകുമെന്നു പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ബൈപാസിലേക്കു പ്രവേശിക്കുന്ന റോഡുകളിലും സമാന രീതിയിൽ മുന്നറിയിപ്പു സംവിധാനങ്ങൾ ഒരുക്കാനാകും. ജംക്‌ഷനുകൾ സൂചിപ്പിച്ചു ഹിന്ദി, തമിഴ്, മലയാളം ഭാഷയിലുൾപ്പെടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം.

പിഡബ്ല്യുഡി  പറയുന്നത്
കൽമണ്ഡപം–ശേഖരീപുരം ബൈപാസ് പൊതുമരാമത്ത് വകുപ്പിന്റെ പട്ടികയിൽ മേജർ റോഡാണ്. ഇതിലേക്കു വന്നു ചേരുന്ന പാതകൾ മൈനർ റോഡുകളും. പിഡബ്ല്യുഡിക്കുള്ള നിർദേശ പ്രകാരം മേജർ റോഡുകളിൽ സ്ട്രിപ് ഹംപ് അടക്കം ഒരു വേഗനിയന്ത്രണവും അനുവദനീയമല്ല. അതേസമയം, ബൈപാസിലേക്കു വന്നുചേരുന്ന മൈനർ റോഡുകളിൽ സ്ട്രിപ് ഹംപ് ഉൾപ്പെടെയുള്ള മുന്നറിയിപ്പു  സംവിധാനമാകാം.

പരിഹാരം
പൊലീസ്, മോട്ടർ വാഹന വകുപ്പ്, പിഡബ്ല്യുഡി, നഗരസഭ വകുപ്പുകൾ കൂടിയാലോചിച്ചു സംയുക്തമായാണു പരിഹാര നടപടികൾ നടപ്പാക്കേണ്ടത്. ഇതിനായി ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും ആവശ്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com