ഇനിയുള്ള നാളുകളിൽ അവരില്ല; ഉറ്റ സുഹൃത്തുക്കളുടെ അന്ത്യയാത്രയ്ക്ക് സൗകര്യമൊരുക്കി യുവാക്കൾ
![കശ്മീരിൽ വിനോദയാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി എത്തിയപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/12/8/palakkad-chittur-kashimir-youths-death-minister-visited.jpg?w=1120&h=583)
Mail This Article
ചിറ്റൂർ ∙ നാട്ടിലെ എല്ലാ കാര്യത്തിനും ഒപ്പം നിന്നവർ. ഗ്രാമത്തിലെ ഏതൊരു വീട്ടിലെയും ആവശ്യങ്ങൾക്കു തോളോടുതോൾ ചേർന്നു പ്രവർത്തിച്ചവർ. ഇനിയുള്ള നാളുകളിൽ അവരില്ല. കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച സുഹൃത്തുക്കളെ അവസാനമായി യാത്രയാക്കാൻ കണ്ണീരോടെ സൗകര്യമൊരുക്കുകയാണു നെടുങ്ങോട്ടിലെ യുവാക്കൾ. ഇന്നു രാവിലെ യുവാക്കളുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ ഒരുമിച്ചു കളിച്ചു വളർന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂൾ മൈതാനം തന്നെ വേദിയാകുന്നതും ഏറെ വേദനിപ്പിക്കുന്നതാണ്.മൃതദേഹങ്ങൾ കിടത്താനും ബന്ധുക്കൾക്കും നാട്ടുകാർക്കും കാണാനുമുള്ള പന്തലും മറ്റും ഒരുക്കുന്ന തിരക്കിലാണു മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ. നെടുങ്ങോട് ഗ്രാമത്തിന്റെ മനസ്സിൽ സങ്കടക്കടൽ ഇരമ്പുകയാണ്. മരിച്ച യുവാക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ 3 ദിവസമായി കരഞ്ഞു തളർന്നു കിടക്കുകയാണ്.