ADVERTISEMENT

പാലക്കാട് ∙ ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും. നാലാം ദിനം പൂർത്തിയായപ്പോൾ 727 പോയിന്റുമായി പാലക്കാട് ഉപജില്ല മുന്നിൽ. ഒറ്റപ്പാലം (674), തൃത്താല (652) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മണ്ണാർക്കാട് (640), ആലത്തൂർ (635), പട്ടാമ്പി (615), ചെർപ്പുളശ്ശേരി (595), കൊല്ലങ്കോട് (581), ചിറ്റൂർ (566), പറളി (530), ഷൊർണൂർ (526), കുഴൽമന്ദം (393). 

സ്കൂളുകളിൽ ഗുരുകുലം തന്നെ
300 പോയിന്റുമായി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ആണു മുന്നിൽ. ചന്ദ്രനഗർ ഭാരതമാതാ എച്ച്എസ്എസ് (181), പെരിങ്ങോട് എച്ച്എസ്എസ് (171), ചിറ്റൂർ ജിവിഎച്ച്എസ്എസ് (166), ശ്രീകൃഷ്ണപുരം എച്ച്എസ്എസ് (140).

തമിഴിൽ രാജ ചിറ്റൂർ, രാജകീയമായി മണ്ണാർക്കാടും
തമിഴ് കലോത്സവത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 151 പോയിന്റ് നേടിയ ചിറ്റൂർ ഉപജില്ല ഓവറോൾ ചാംപ്യൻമാരായി. 148 പോയിന്റു നേടി മണ്ണാർക്കാട് ഉപജില്ല രണ്ടാമതെത്തി.

നാടകത്തിൽ പെരിങ്ങോട്
സ്ത്രീ ശാക്തീകരണവും സ്വവർഗാനുരാഗവും പ്രമേയമാക്കി പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘ഉടലാഴങ്ങൾക്കുമപ്പുറം' നാടകത്തിന് എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഗാർഹിക പീഡനത്തിന് ഇരയാകേണ്ടി വരുന്ന രണ്ടു സ്ത്രീകളുടെ കഥയാണു നാടകം. മണിപ്പുർ കലാപവും അതിലൂടെ രാജ്യത്തിനേറ്റ ‘ക്ഷതവും’ നാടകം ചർച്ചചെയ്യുന്നുണ്ട്. അനിൽ പെരങ്ങോടാണു സംവിധാനം. പെരിങ്ങോട് നാടക കൂട്ടായ്മയുടെ കീഴിലായിരുന്നു പരിശീലനം. ഈ നാടകത്തിൽ ‘സീത’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്ലസ്ടു വിദ്യാർഥി മേഘ സുധീർ ആണു മികച്ച നടി.

നാടക മത്സരത്തിനിടെ 2 പേർക്കു പരുക്ക്; ഒരാൾ തലകറങ്ങി വീണു

തൃക്കടീരി പിടിഎംഎച്ച്എസ് അവതരിപ്പിച്ച  ‘മെറ്റമോർഫോസിസ്’ എന്ന നാടകത്തിനിടെ അഭിനേതാക്കളായ 2 വിദ്യാർഥികൾക്കു പരുക്ക്. ഒരാൾ തലകറങ്ങി വീണു. നാടകത്തിന്റെ അവസാനം വീഴുന്ന രംഗം അഭിനയിക്കുന്നതിനിടെ സ്റ്റേജിൽ നിന്നു പിന്നോട്ടു മറിഞ്ഞു വീണാണു പ്ലസ്ടു വിദ്യാർഥി അബു ഹിഷാമിനു (17) തലയ്ക്കു പരുക്കേറ്റത്. സ്റ്റേജ് നിർമിച്ച മുളയിൽ തല തട്ടുകയായിരുന്നു. ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതേ നാടകത്തിൽ അഭിനയിച്ച എ.ഷഹ്നയുടെ (17) കയ്യിൽ മുളയിൽ തട്ടി മുറിവേറ്റു. അടിമയായി അഭിനയിച്ച പി.എ.ഷാഹിൽ നാടകം അവസാനിച്ച ശേഷം തലകറങ്ങി വീണു. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങി. പി.എ.ഷാഫിൽ മികച്ച നടനായി. തൃക്കടീരി പിടിഎംഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. വേദിയുടെ വലുപ്പക്കുറവാണു പ്രശ്നമായതെന്ന് അധ്യാപിക ഇ.എസ്.നിജ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com