ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ജില്ലാ സാക്ഷരതാ മിഷനു കീഴിൽ അടിസ്ഥാന സാക്ഷരതാ പരീക്ഷ എഴുതാനെത്തുമ്പോൾ കൃഷ്ണനു പ്രായമൊന്നും ഒരു പ്രശ്നമല്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ല. ജീവിതത്തിലെ വലിയ ആഗ്രഹം എഴുത്തും വായനയും പഠിക്കണമെന്നായിരുന്നു. അവസരമെത്തിയതു 95–ാം വയസ്സിലാണെങ്കിലെന്താ, പഠിച്ചു പരീക്ഷയെഴുതുക തന്നെ. ശാരീരിക അവശതകളൊക്കെ മറന്നു കുത്തിയിരുന്നു പഠിച്ചു. ഇന്നലെ അടിസ്ഥാന സാക്ഷരതാ പരീക്ഷയെഴുതിയിറങ്ങുമ്പോൾ, ജില്ലയിലെ പ്രായം കൂടിയ വിദ്യാർഥിയെന്ന റെക്കോർഡ് കൂടെപ്പോന്നു.

സാക്ഷരതാ മിഷൻ വൊളന്റിയർ അധ്യാപികയായ മരുമകൾ ശശികലയാണു സഹായി. എഴുത്തും വായനയുമെല്ലാം പേരക്കുട്ടികൾക്കൊപ്പമായതോടെ കൃഷ്ണന്റെ പഠനം വീടിന് ആഘോഷം തന്നെയായി. സ്വർണപ്പണിയായിരുന്നു തൊഴിൽ. ഇപ്പോൾ ശാരീരിക അവശതകളും കേൾവിക്കുറവുമുണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥർ കുറ്റാനശ്ശേരിയിലെ വീട്ടിലെത്തിയാണു കൃഷ്ണനു പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്. പഞ്ചായത്തംഗങ്ങളും അയൽവാസികളും പേരക്കുട്ടികളും പിന്തുണയുമായി ഒപ്പമിരുന്നു. ഈ കടമ്പ കടന്നാൽ അടുത്ത ഘട്ടം നാലാം ക്ലാസ് തുല്യതാ പരീക്ഷയാണ്. അച്ഛനു താൽപര്യമുണ്ടെങ്കിൽ തുടർന്നു പഠിപ്പിക്കുമെന്നു ശശികല പറയുന്നു.

കൃഷ്ണന് ആശംസകൾ നേരാൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് റിസോഴ്സ് പഴ്സൻ സി.ജി.ഗീത, കുറുവട്ടൂർ തുടർവിദ്യാകേന്ദ്രം പ്രേരക് സത്യഭാമ, പി.ഡി.ഗിരീഷ്, മോഹൻ തുടങ്ങിയവർ എത്തിയിരുന്നു.ന്യൂ ഇന്ത്യ ലിറ്ററസി മികവുത്സവം ജില്ലാതല ഉദ്ഘാടനം കണ്ണാടി പഞ്ചായത്തിലെ കിണാശ്ശേരി പുലരി വായനശാലയിൽ 80 വയസ്സുകാരി പൊന്നുക്കുട്ടിക്കു ചോദ്യക്കടലാസ് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ലത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.ഉദയകുമാർ, പഞ്ചായത്തംഗം കലാവതി, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രേരക് ഗീത, പഞ്ചായത്ത് പ്രേരക്മാരായ സുഷമ, ഷീജ, ലൈബ്രേറിയൻ സജിത, അധ്യാപകരായ പാർവതി, യശോദ, വിജി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com