ADVERTISEMENT

മായമില്ല, വിഷമില്ല, കലർപ്പുകളില്ല; ഉള്ളതു കൂട്ടായ്മ മാത്രം: ഒറ്റപ്പാലത്തെ പുതിയ കർഷകക്കൂട്ടായ്മച്ചന്തയെ ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. വിഷമില്ലാത്ത ഭക്ഷണം, വിലക്കൂടുതലില്ലാതെ ജനത്തിനു ലഭിക്കണം എന്ന ചിന്തയിൽ നിന്നു രൂപപ്പെട്ടതാണ് ഈ പ്രതിവാര ചന്ത. ഒറ്റപ്പാലത്തു കർഷകക്കൂട്ടായ്മ എന്ന പേരിലാണു ശനിയാഴ്ചകളിൽ ഭക്ഷ്യവിഭവങ്ങളുടെ ചന്ത (ഫാർമേഴ്സ് മാർക്കറ്റ്) സജീവമാകുന്നത്. 

ഉപ്പിലിട്ടതു മുതൽ മസാലപ്പൊടി വരെ
അവൽ വിളയിച്ചതു മുതൽ അമ്പഴങ്ങ ഉപ്പിലിട്ടതു വരെ ഈ ചന്തയിൽനിന്നു വാങ്ങാം. പച്ചക്കറികളുടെ കൂട്ടത്തിൽ ചേമ്പിൻതണ്ടും വള്ളിച്ചീരയും ഉൾപ്പെടെയുള്ള തനി നാടൻ ഉൽപന്നങ്ങളുണ്ട്. ഇതെല്ലാം, കൂട്ടായ്മയിലെ കർഷകർ സ്വന്തം വളപ്പിൽ നിന്നാണു ചന്തയിലെത്തിക്കുന്നത്. പുളിയിഞ്ചിയും വേപ്പിലക്കട്ടിയും വിവിധ തരം അച്ചാറുകളും അരിപ്പപ്പടവുമൊക്കെ ചന്തയിലെത്തുന്നതു കർഷകരുടെ വീടുകളിൽനിന്ന്. 

ഇടിയപ്പപ്പൊടി, കൂവപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി, ചമ്മന്തിപ്പൊടി, ചക്കക്കുരുപ്പൊടി, മസാലപ്പൊടികൾ, വിവിധയിനം കൊണ്ടാട്ടങ്ങൾ, ധാന്യങ്ങൾ, പയർ വർ‍ഗങ്ങൾ, ആരോഗ്യദായകമായ ധാന്യങ്ങളുടെ മിശ്രിതം എന്നിങ്ങനെ ഉൽപന്നങ്ങൾ പലതരം. ഇവയെല്ലാം ഒട്ടും മായം കലരാത്തതാണെന്നു കർഷക കൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു. 

ലക്ഷ്യം കൂടുതൽ പ്രതിവാര ചന്തകൾ
ഒറ്റപ്പാലം കൃഷിഭവന്റെ വാട്സാപ് ഗ്രൂപ്പിലുള്ള കർഷകരുടെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ആശയമാണ്, വിഷമയമില്ലാത്ത ഭക്ഷ്യവിഭവങ്ങളുടെ വിപണത്തിനു ശനിയാഴ്ചകളിൽ നിശ്ചിത കേന്ദ്രം നിശ്ചയിച്ചു സജ്ജീകരിക്കുന്ന ചന്ത. ഒറ്റപ്പാലം പാലാട്ട് റോഡിലെ രവിപ്രഭ വീടിന്റെ മുറ്റത്താണു നിലവിൽ പ്രതിവാരച്ചന്ത നടത്തുന്നത്. ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞു 3 മുതൽ 5 വരെയാണ് വിപണനം. എന്നാൽ, ക്രിസ്മസും തിരുവാതിരയും മുൻനിർത്തി നാളത്തെ ചന്ത രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഉണ്ടാകും. ഈ മാസം 2നു തുടക്കം കുറിച്ച പ്രതിവാരച്ചന്തയിൽ നിലവിൽ 14 കർഷകരുണ്ട്. 

സംരംഭകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സി.കെ.സുജാത, വി.നജ്മ, പി.ഉണ്ണിക്കൃഷ്ണൻ, സിനി ജോർജ്, ബി.രാജേഷ്, ഇ.രമണി, സതി പ്രദീപ്, ടി.മഞ്ജു, ഐഷ ഹുസൈൻ, വി.ഗീതേഷ്, ഡി.നിർമല, സി.കെ.ഷീജ, എൻ.പ്രസീത, കെ.ഇബ്രാഹിംകുട്ടി എന്നിവരാണു തുടക്കത്തിൽ‍ ഫാർമേഴ്സ് മാർക്കറ്റിൽ അംഗങ്ങളായുള്ളത്. വ്യത്യസ്തമായ ചന്തയെക്കുറിച്ചു കേട്ടറിഞ്ഞ്, ഒറ്റപ്പാലത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി പലരും കർഷകക്കൂട്ടായ്മയുടെ ഭാഗമാകാൻ‍ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റു കേന്ദ്രങ്ങളിലും ഇതുപോലുള്ള ചന്തകൾ ഒരുക്കണമെന്ന ആശയവും കൂട്ടായ്മയുടെ പരിഗണനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com