ADVERTISEMENT

പാലക്കാട് ∙ മഴയൊന്നു കനത്താൽ കൊമ്പൻകുഴി പ്രദേശത്തെ അറുപതോളം വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലാകും. മഴ തുടർന്നാൽ, ഒഴുക്കു തടസ്സപ്പെട്ടു കിടക്കുന്ന അഴുക്കുചാലിൽ നിന്നുള്ള മലിനജലം വീടുകളിലേക്കു കയറും. മഴ ശക്തമായാൽ പരിസര പ്രദേശമാകെ വെള്ളത്തിൽ മുങ്ങും. ആ വെള്ളക്കെട്ട് കൽവാക്കുളം റോഡ് വരെ നീളും. ജില്ലാ ആശുപത്രി, സ്റ്റേഡിയം സ്റ്റാൻഡിന്റെ പിൻവശം, ഹെഡ്പോസ്റ്റ് ഓഫിസ്, കൊപ്പം ഇറക്കം പരിസര ഭാഗത്തു നിന്നുള്ള 4 വലിയ അഴുക്കുചാലുകളിൽ നിന്നുള്ള വെള്ളം എത്തുന്നതു കൊമ്പൻകുഴിയിലേക്കാണ്.

ഈ മലിനജലം മുഴുവൻ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഒഴുകിപ്പോകാൻ റോഡിനു കുറുകെ കലുങ്ക് ഉണ്ടെങ്കിലും അതിലേക്കുള്ള കണക്‌ഷൻ ചാൽ ഇല്ല. അഴുക്കുചാൽ പദ്ധതിക്കായി പരിസരവാസികൾ ഓഫിസുകൾ കയറി ഇറങ്ങാൻ തുടങ്ങി വർഷങ്ങളായെങ്കിലും നടപടിയില്ല.  2018ലെ പ്രളയത്തിൽ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു.

അന്നു പ്രളയജലം ഒഴുക്കിവിടാൻ പ്രദേശത്തു കൂടി താൽക്കാലിക ചാൽ കീറിയിരുന്നു. മഴക്കാലത്ത് ഇപ്പോഴും ഈ ചാലിൽ വഴി വെള്ളം ഒഴുക്കിയാണ് പിടിച്ചു നിൽക്കുന്നത്. മതിയായ വീതിയിൽ കണക്‌ഷൻ ചാൽ നിർമിച്ചാൽ പ്രദേശത്തെ മലിനജലക്കെട്ടു പരിഹരിക്കാം. എംഎൽഎയും നഗരസഭയും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു. 

വേനൽക്കാലത്തു തന്നെ പ്രദേശത്തു മലിനജലക്കെട്ടു രൂക്ഷമാണ്. മഴക്കാലം ആരംഭിച്ചാൽ പ്രദേശമാകെ ദുരിതക്കെട്ടിലാകും. സമീപത്തെ കുളം നിറഞ്ഞൊഴുകിയുള്ള വെള്ളവും ഇവിടേക്കാണു എത്തുന്നത്. കുളത്തിനു പരിസരത്തും വീടുകളുണ്ട്. പ്രദേശവാസികൾ ഈയിടെ നടന്ന നവകേരള സദസ്സിലും പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലും നേരത്തെതന്നെ പരാതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com