ADVERTISEMENT

പാലക്കാട് ∙ നാടൻപശുക്കൾ മേഞ്ഞുനടന്നു തീറ്റ കണ്ടെത്തുന്ന കാലത്തു പലതരം ഇലകളും കായ്കളും തിന്നുമായിരുന്നു. അക്കാലത്ത് അതത്ര ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. പശുക്കളുടെ തീറ്റയെക്കുറിച്ചു കർഷകർക്കും ജാഗ്രത ഉണ്ടായിരുന്നു. പക്ഷേ, കപ്പത്തൊണ്ട് കഴിച്ചു തൊടുപുഴയിൽ മാത്യു ബെന്നിയുടെ 13 കന്നുകാലികൾ ചത്ത വാർത്തയറിഞ്ഞു ക്ഷീരകർഷകൻ ആശങ്കപ്പെടുന്നു.

മേഞ്ഞുനടക്കുന്ന രീതിയിൽ നിന്നു തൊഴുത്തിൽ കെട്ടിയിടുന്ന രീതിയിലേക്കു പശുവളർത്തൽ മാറിയതോടെ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാമെന്നു മൃഗസംരക്ഷണമേഖലയിലെ വിദഗ്ധർ പറയുന്നു. പഴയകാലത്തെ പ്രതിരോധശേഷി കൂടിയ നാടൻപശുക്കളുടെ ജനിതകഘടനയും വിവേചനബുദ്ധിയും സങ്കര ഇനം പശുക്കൾക്ക് ഉണ്ടാകണമെന്നില്ല. വ്യാവസായിക അടിസ്ഥാനത്തിലുള്ള ക്ഷീരമേഖലയിലേയ്ക്കു പോകുമ്പോൾ തീറ്റയിൽ കൂടുതൽ ജാഗ്രത വേണം.

ഇലകൾ ദോഷമാകുന്നതെങ്ങനെ ?

സങ്കീർണമായ ദഹനപ്രക്രിയ ആണ് പശു, ആട്, പോത്ത് മുതലായ അയവിറക്കുന്ന ജീവികൾക്കുള്ളത്. മനുഷ്യരിൽനിന്നു വ്യത്യസ്തമായി നാല് അറകളുള്ള വലിയ ഉദരമാണുള്ളത്. ഇവയിൽ ഏറ്റവും വലിയ അറയായ റൂമനിൽ പ്രയാസമുള്ള ചെടികളെയും ദഹിപ്പിക്കാൻ പ്രാപ്തമായ സൂക്ഷ്മാണുക്കളുടെ വ്യവസ്ഥയുണ്ട്. റൂമനിലെ സൂക്ഷ്മാണുക്കൾ ചെടികളെ പെട്ടെന്നു ദഹിപ്പിക്കുകയും ഇവയിലുള്ള വിഷാംശം വലിയ തോതിൽ ശരീരത്തിലേക്കു ആഗിരണം ചെയ്യുന്നതിന് ചെറുകുടലിൽ ലഭ്യമാകുകയും ചെയ്യും.

വലിയ അളവിൽ വിഷം ശരീരത്തിലേക്ക് എത്തിയാൽ അതിതീവ്ര വിഷബാധ ഉണ്ടാക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ക്ഷീണം എന്നിവയ്ക്കു പുറമെ ഹൃദയം, ശ്വാസകോശം, തലച്ചോറ്, വൃക്ക, കരൾ എന്നിവരെ ബാധിക്കാം. ഇതേ തീറ്റവസ്തുക്കൾ ചെറിയ അളവിൽ കുറെക്കാലം നൽകുന്നതു ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാം. ഉൽപാദനക്കുറവും പ്രത്യുത്പാദനശേഷിക്കുറവും ഹോർമോണുകളുടെ വ്യതിയാനങ്ങളും അവയവങ്ങളുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങളും  ഉണ്ടാകും.

ദോഷകരമാകുന്ന തീറ്റകളും ശരീരത്തെ ബാധിക്കുന്ന രീതിയും

∙ ആവണക്കിൽ കൂടുതൽ വിഷാംശം ഇല, കായ എന്നിവയിലാണ്. ശാരീരിക പ്രവർത്തനങ്ങൾ, നാഡീവ്യവസ്ഥ, വൃക്ക എന്നിവയെ ബാധിക്കും

∙ അരളിച്ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ട്. ഹൃദയ സംബന്ധമായ പ്രശനങ്ങൾ, ദഹനക്കേട് എന്നിവ ഉണ്ടാക്കും

∙ കുന്നിച്ചെടി ഉദരസ്തംഭനം, രക്തചംക്രമണം തകരാറാക്കൽ, അലർജി എന്നിവയ്ക്കു കാരണമാകും. 

∙ കൊങ്ങിണിയുടെ ഇല, പഴങ്ങൾ എന്നിവയിലാണ് വിഷാംശം. കരൾവീക്കം, മഞ്ഞപിത്തം, ദഹനക്കേട് എന്നിവയാണു പ്രശ്നങ്ങൾ

∙ സയനൈഡ് സാന്നിധ്യമുള്ള ചെടികൾ (മണിച്ചോളം ചെടി, കപ്പയുടെ കിഴങ്ങ്,  ഇല, തണ്ട്) ശരീരത്തിലെ കോശങ്ങളിൽ ഓക്‌സിജൻ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ശ്വസന പ്രക്രിയ തടസപ്പെടുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം മോശമാകുന്നു 

∙ നൈട്രേറ്റ് ചെടികൾ (ഓട്സ്, മണിച്ചോളം, ചോളം, ചില പയറുവർഗങ്ങൾ, ഗോതമ്പ്, ബാർലി) രക്തത്തിന്റെ ഓക്സിജൻ സ്വീകരണശേഷി കുറയ്ക്കും. ശ്വസനത്തകരാറും ദഹനക്കേടും ഉണ്ടാക്കും.

∙ പന്നച്ചെടിയുടെ എല്ലാ ഭാഗത്തും വീഷാംശമുണ്ട്, വിറ്റാമിൻ ബി1-ന്റെ കുറവ്, മജ്ജയിലെ തകരാറുകൾ, രക്തക്കുറവ്, മൂത്രസഞ്ചിയിൽ ട്യൂമർ എന്നിവയ്ക്കു കാരണമാകും.

∙ ഉമ്മംചെടി നാഡീവ്യൂഹം തകരാറിലാക്കുന്നു

∙ ടാനിൻ കൂടുതലായുള്ളവ (പുളിങ്കുരു പൊടി, കടുക്, വിവിധ മരങ്ങളുടെ ഇലകൾ...) ദിവസവും നൽകിയാൽ ദഹനക്കേട് ഉണ്ടാക്കും

∙ പരുത്തിക്കുരു പിണ്ണാക്ക് അമിത ഉപയോഗം പ്രധാന അവയവങ്ങളെ ബാധിക്കും. പ്രത്യുൽപാദനശേഷി ബാധിക്കും

∙ തൊട്ടാവാടി ദഹനക്കേട്, ഉദരസ്തംഭനം, രക്തചംക്രമണം, അലർജി, പിൻഭാഗത്തു നീരുകെട്ടൽ എന്നിവയ്ക്കു കാണമാകും

∙ നനവു കൂടിയ കാലാവസ്ഥയിൽ സൂക്ഷിച്ചതോ പഴകിയതോ ആയ തീറ്റ നൽകുന്നത് പൂപ്പൽ വിഷത്തിനു കാരണമാകും. വെയിലിൽ ഉണങ്ങിയാലും വിഷം നിലനിൽക്കും. കരൾ, വൃക്ക  എന്നിവയുടെ തകരാർ, പ്രത്യുത്പാദനശേഷി കുറവ്, ദഹനപ്രസ്നങ്ങൾ എന്നിവയ്ക്കു സാധ്യത.

∙ കളനാശിനി/കീടനാശിനി/എലിവിഷം ഉപയോഗിച്ച പറമ്പിൽ മേഞ്ഞാൽ വായിലെ പൊള്ളൽ, നിർത്താതെ ഉമിനീര് പോവുക, വയറിളക്കം എന്നിവ ആദ്യലക്ഷണങ്ങൾ ആകാം. 

∙ മണിപ്ലാന്റ് മൂത്രത്തിൽ കല്ല്, നീർക്കെട്ട്, ദഹനക്കേട്, വയറിളക്കം, വയറുപെരുക്കം എന്നിവയ്ക്കും ശീമക്കൊന്ന ദഹനക്കേട്, രക്തസ്രാവം, ശ്വാസതടസം, ദഹനക്കേട് എന്നിവയ്ക്കും കാരണമാകും. 

ശ്രദ്ധിക്കാൻ

∙ കഴിയുന്നതും പരിചിതമല്ലാത്ത ചെടികൾ പശുക്കൾക്ക് നൽകാതിരിക്കുക. 

∙ പറമ്പുകളിൽ മേയാൻ വിടുമ്പോൾ കളനാശിനി, കീടനാശിനി എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക.

∙ വിഷബാധയുടെ ലക്ഷണം കാണുമ്പോൾ തന്നെ കൂടുതൽ വിഷം ഉള്ളിൽ ചെല്ലാനുള്ള അവസരം ഒഴിവാക്കുക. വേഗം വെറ്ററിനറി ഡോക്ടറുടെ സേവനം തേടുക. 

∙ ചില വിഷപദാർഥങ്ങൾക്കു വ്യക്തമായ മറുമരുന്ന് ലഭ്യമാണ്. ആയതിനാൽ, വിഷബാധ സംശയിക്കുന്നുണ്ടെങ്കിൽ ചെടിയുടെയും തീറ്റയുടെയും സാംപിൾ പരിശോധിപ്പിക്കുക.

വിവരങ്ങൾക്ക് കടപ്പാട് ഡോ.വൈ.അജിത് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, മണ്ണുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com