ADVERTISEMENT

വടക്കഞ്ചേരി ∙ കുതിരാനിൽ തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതു തുരങ്കത്തിനുള്ളില്‍ ഗാന്‍ട്രി കോണ്‍ക്രീറ്റിങ് നടത്താന്‍ തുരങ്കം അടച്ചതോടെ യാത്രാക്ലേശം രൂക്ഷമായി. ഇപ്പോള്‍ കൊമ്പഴയില്‍ നിന്ന് ഒറ്റവരിയായാണു വാഹനങ്ങള്‍ വലതു തുരങ്കത്തിലൂടെ കടത്തിവിടുന്നത്. തൃശൂര്‍, പാലക്കാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ വലതു തുരങ്കംവഴി കടന്നുപോകുമ്പോള്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.

വൈകുന്നേരങ്ങളിലാണ് വാഹനങ്ങള്‍ തുരങ്കത്തിനുള്ളില്‍ നിന്നു പുറത്തുകടക്കാന്‍ പാടുപെടുന്നത്. കുതിരാന്‍ വഴുക്കുംപാറ മേല്‍പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നതോടെ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ മേല്‍പ്പാലത്തിന്റെ 3 വരി പൂര്‍ണമായും അടച്ചാണു നിര്‍മാണം നടത്തിയത്. 6 മാസം യാത്രക്കാര്‍ ദുരിതം പേറി. മേല്‍പാലം തുറന്നതോടെ യാത്രക്കാർ ആശ്വസിച്ചിരിക്കെയാണ് വീണ്ടും ഒരു തുരങ്കം അടച്ച് അറ്റകുറ്റപ്പണി.

തുരങ്കത്തിന്റെ മുകൾഭാഗത്ത്‌ പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ്‌ ആർച്ചുകൾ പാകി വെൽഡ് ചെയ്ത് ദൃഢപ്പെടുത്തുന്ന ജോലികളും ആർച്ചുകൾക്ക് മീതെ കംപ്രസർ ഉപയോഗിച്ച് കോൺക്രീറ്റിങ് അടക്കമുള്ള പണികളുമാണു തുരങ്കത്തിനുള്ളിൽ ചെയ്യുക. 4 മാസമാണു നിര്‍മാണം തീരാന്‍ കരാര്‍ കമ്പനി പറയുന്ന സമയം. എന്നാല്‍, അതും സാധ്യമാകുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഇരുമ്പുപാലം മുതൽ വഴുക്കുമ്പാറ നരികിടന്നമട വരെ 962 മീറ്റർ ദൂരമുള്ള തുരങ്കത്തിൽ 400 മീറ്റർ നീളത്തില്‍ ഗാന്‍ട്രി കോൺക്രീറ്റിങ് ചെയ്യണം. കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തി പകലും, രാത്രിയുമായി പണികള്‍ ചെയ്താലേ വേഗത്തിൽ പൂർത്തിയാക്കാനാകൂ.

അതുവരെ ആറുവരിപ്പാത നിർമാണ കമ്പനിയായ കെഎംസി ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് പന്നിയങ്കര ടോള്‍ പ്ലാസയിലേക്കു 32 കിലോമീറ്റര്‍ ദൂരമാണുള്ളത്. 60 കിലോമീറ്റര്‍ ദൂരം രണ്ട് ടോള്‍ പ്ലാസകള്‍ തമ്മില്‍ വേണമെന്ന നിയമത്തെ തുരങ്കനിര്‍മാണ ചെലവുകള്‍ കാണിച്ചാണ് കമ്പനി കോടതിയില്‍ വാദിച്ചത്.

ടോള്‍ പിരിവിന്റെ 65% തുരങ്കനിര്‍മാണ ഫണ്ടിലേക്കാണു പോകുന്നതെന്നാണു വാദം. എന്നാല്‍, തുരങ്കത്തിന്റെയും മേല്‍പാലത്തിന്റെയും ഉപയോഗം നടക്കാത്തതിനാല്‍ ടോള്‍ പിരിവിന്റെ 65% തുക വെട്ടിക്കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതു സംബന്ധിച്ച് വാണിയമ്പാറ സ്വദേശി ജോര്‍ജ് ഫിലിപ്പ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്. വടക്കഞ്ചേരി-വാണിയമ്പാറ സര്‍വീസ് റോ‍ഡ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com