ADVERTISEMENT

മണ്ണാർക്കാട്∙ പട്ടികജാതി കോളനിയിൽ നൽകിയ സൗജന്യ വൈദ്യുതി കണക്‌ഷനു ബിൽ കുടിശികയും ജപ്തി നോട്ടിസും. തെങ്കര കൊറ്റിയോട്, കുട്ടിച്ചാത്തൻ കോളനി നിവാസികൾക്കാണു 30 വർഷം മുൻപു നൽകിയ സൗജന്യ കണക്‌ഷനുകൾക്കു വൻതുകയുടെ കുടിശിക ബില്ലും ജപ്തി നോട്ടിസും ലഭിച്ചിരിക്കുന്നത്. രണ്ടു കോളനികളിലുമായി മുപ്പതോളം കുടുംബങ്ങൾക്കു കെഎസ്ഇബിയുടെ കുടിശിക ബില്ലും വില്ലേജ് ഓഫിസറുടെ ജപ്തി നോട്ടിസും ലഭിച്ചു.

ആറായിരം മുതൽ പന്ത്രണ്ടായിരം വരെയാണു പലർക്കും കുടിശിക. കുടിശിക അടച്ചില്ലെങ്കിൽ ജപ്തി നടപടി നേരിടേണ്ടി വരുമെന്നു കാണിച്ചു വില്ലേജ് ഓഫിസറുടെ നോട്ടിസും ലഭിച്ചതോടെ കോളനിക്കാർ ആശങ്കയിലാണ്. 30 വർഷം മുൻപു പഴയ വീടുകൾക്കു രണ്ടു ബൾബുകൾ മാത്രം കത്തിക്കാനുള്ള വൈദ്യുതി കണക്‌ഷൻ സൗജന്യമായി ലഭിച്ചവരാണു ജപ്തി ഭീഷണി നേരിടുന്നത്. 

ഇത്രയും കാലമായി സൗജന്യ കണക്‌ഷൻ വൈദ്യുതിക്കു ബിൽ വന്നിട്ടില്ല. ഒരു ഘട്ടത്തിലും ബിൽ അടയ്ക്കണമെന്നു നിർദേശം ലഭിച്ചിട്ടുമില്ല. പിന്നെ എങ്ങിനെയാണു ബിൽ കുടിശിക വരുന്നതെന്നാണു കോളനിക്കാർ ചോദിക്കുന്നത്. പഴയ വീടുകൾ പൊളിച്ചു പുതിയവ നിർമിച്ചതിനാൽ പുതിയ കണക്‌ഷനാണു നിലവിലുള്ളത്. ഇപ്പോഴത്തെ കണക്‌ഷനുകളുടെ ബിൽ കൃത്യമായി അടയ്ക്കുന്നുമുണ്ട്.

കൂലിപ്പണിക്കാരായ തങ്ങൾക്കു താങ്ങാൻ കഴിയുന്നതല്ല കുടിശിക ബിൽ തുകയെന്നു കോളനിക്കാർ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തുന്നതിനാൽ കടം വാങ്ങിയും മക്കളുടെ ആഭരണം പണയം വച്ചും മറ്റും ചിലരൊക്കെ കുടിശികയുടെ കുറച്ച് അടച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാനാണു കെഎസ്ഇബിയിൽ നിന്നു ലഭിച്ച നിർദേശം.

ഇതിനു നിർവാഹമില്ലാത്തവർ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ്. സാധാരണക്കാരുടെ മേൽ ഇല്ലാത്ത വൈദ്യുതിയുടെ ബിൽ കുടിശിക അടിച്ചേൽപിച്ചതു പിൻവലിക്കണമെന്നാണു കോളനി നിവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com