ADVERTISEMENT

ഒറ്റപ്പാലം ∙ തെരുവുനായ്ക്കൾ വളയുന്ന വീട്ടുവളപ്പിൽ സുരക്ഷിതമായ കോഴിക്കൂട് നിർമിക്കാൻ ബൽക്കീസിനു പണമായി. ഇനി വേണ്ടതു കൂടു നിറയ്ക്കാൻ കോഴികളെ. നായ്ക്കൾ കോഴികളെ കൂ‌ട്ടത്തോടെ കൊന്നൊടുക്കിയതിനു പിന്നാലെ ജീവിതമാർഗം അടഞ്ഞ വാണിയംകുളം കോതയൂർ എരഞ്ഞിക്കൽ  ബൽക്കീസിന് (39) പാലക്കാട് ധോണിയിലെ സ്വകാര്യ ഐടിഐ പ്രിൻസിപ്പൽ ആണ് 5000 രൂപ നൽകി സഹായിച്ചത്.

ഘട്ടംഘട്ടമായി നൂറിലേറെ കോഴികളെ തെരുവുനായ്ക്കൾ കൊന്നൊടുക്കിയതോടെ ഉപജീവനമാർഗം അടഞ്ഞ ബൽക്കീസിന്റെ കഥ കഴിഞ്ഞയാഴ്ച ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ പേജ് കൂട്ടിച്ചേർത്താണു പ്രിൻസിപ്പൽ 5000 രൂപയുടെ ചെക്ക് ബൽക്കീസിനു തപാൽമാർഗം അയച്ചു നൽകിയത്.

തുക വിനിയോഗിച്ചു സുരക്ഷിതമായ കോഴിക്കൂട‌് നിർമിക്കാനാണു തീരുമാനമെന്നു ബൽക്കീസ് പറയുന്നു. ഇനി ശേഷിക്കുന്നതു പത്തോളം കോഴികൾ മാത്രമാണ്. കൂടുതൽ കോഴികളെ വാങ്ങാനും ഉപജീവന മാർഗം വീണ്ടും തുറക്കാനും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണു ബൽക്കീസ്. 4 മാസത്തിനിടെ ഇവരുടെ നൂറിലേറെ കോഴികളെയാണു നായ്ക്കൂട്ടം കടിച്ചുകൊന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കൂടുപൊളിച്ച് അകത്തുക‌ടന്ന് 20 കോഴികളെ നായ്ക്കൾ കൊന്നു. വിലയേറിയ ഇനങ്ങളിൽപ്പെട്ട കോഴികൾ പോലും ഇവയിൽ ഉൾപ്പെടും. അർബുദരോഗം ബാധിച്ചു ഭർത്താവ് മരിച്ചതിനു പിന്നാലെയാണു ബൽക്കീസ് ഉപജീവനമാർഗം എന്ന നിലയിൽ കോഴിവളർത്തൽ ആരംഭിച്ചത്. കോളജ് വിദ്യാർഥികളായ 2 മക്കൾ കൂടി ഉൾപ്പെട്ട കുട‌ുംബത്തിന്റെ ജീവിത മാർഗമാണിത്.

അയൽവാസി പള്ളിയാലിൽ കാർത്യായനിയുടെ വീട്ടിലെ 5 കോഴികളെയും ചൊവ്വാഴ്ച നായ്ക്കൂട്ടം കൊന്നിരുന്നു. പത്തോളം നായ്ക്കളാണു പ്രദേശം കയ്യടക്കുന്നത്. അതേസമയം, അക്രമകാരികളായി മാറിയ നായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്തിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ ഭാഗത്തു നിന്നു കാര്യമായ നടപടിയുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com