ADVERTISEMENT

പാലക്കാട് ∙ പട്ടികജാതിക്കാർക്കു സർക്കാർ നൽകിയ വീടും സ്ഥലവും ഈടായി സ്വീകരിച്ചു വായ്പ നൽകാമെന്നു സംസ്ഥാന സർക്കാർ ഉത്തരവുണ്ടെങ്കിലും ഭൂരിഭാഗം ബാങ്കുകളും തയാറാകുന്നില്ല. സംസ്ഥാന സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകൾ പോലും വായ്പ നൽകുന്നില്ലെന്നാണു പരാതി. ചികിത്സയ്ക്കു പോലും വായ്പ ലഭിക്കാതെ പട്ടികജാതി വിഭാഗക്കാർ പ്രതിസന്ധിയിലാണ്.  പട്ടികജാതിക്കാർക്കുള്ള ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം ലഭിച്ച വീടും സ്ഥലവും വിൽക്കാനോ പണയപ്പെടുത്താനോ വാടകയ്ക്കു നൽകാനോ പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ട്.

എന്നാൽ വീട്ടുടമയ്ക്കോ കുടുംബാംഗങ്ങൾക്കോ വരുന്ന രോഗങ്ങളുടെ ചികിത്സ, പെൺമക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്കു പട്ടികജാതി വികസന ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖല ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പട്ടികജാതി വികസന കോർപറേഷൻ എന്നിവർക്ക് വായ്പ നൽകാമെന്നു 2022 മാർച്ചിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.  എന്നാൽ, അടിയന്തര സാഹചര്യത്തിൽ ബാങ്കുകളെ സമീപിക്കുമ്പോൾ കൈമലർത്തുകയാണ്.

സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൊണ്ടു മാത്രം വായ്പ നൽകാൻ കഴിയില്ലെന്നും ഇത്തരം വിഷയങ്ങളിൽ റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ബാങ്കുകൾ പറയുന്നു. പണയമായി വീടും സ്ഥലവും സ്വീകരിക്കാമെന്നു സംസ്ഥാന സർക്കാർ നിർദേശിക്കുന്ന ഉത്തരവിൽ തന്നെ ഇവ ആർക്കും കൈമാറാൻ കഴിയില്ലെന്നു വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ വായ്പയെടുത്തയാൾ പണം തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനോ പണയ വസ്തുവായ വീട് ജപ്തിചെയ്യാനോ ബാങ്കിനു കഴിയില്ലെന്നാണ് അവരുടെ ആശങ്ക. അതു നഷ്ടമുണ്ടാക്കും. ഇക്കാര്യത്തിൽ സർക്കാരോ സഹകരണ വകുപ്പോ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com