ADVERTISEMENT

കാർഷികോത്സവമായ തൈപ്പൊങ്കൽ നമ്മുടെ ജില്ലയിലെ കിഴക്കൻ അതിർത്തിപ്രദേശങ്ങളിൽ ഗംഭീരമായി ആഘോഷിക്കുന്നു. തമിഴ് സംസ്കാരമുള്ള തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലാണു പൊതുവേ പൊങ്കൽ ആഘോഷമുള്ളത്. സൂര്യദേവന്റെ ആരാധനയാണു പ്രധാനം. ‘ഉഴുവുക്കും തൊഴിലുക്കും വരുനൈ ശെയ‍്‍വോം’ എന്നാണു മഹാകവി ഭാരതിയാർ പറഞ്ഞിട്ടുള്ളത്. കൃഷിയും അതിനോടനുബന്ധിച്ച തൊഴിലുകളും തമിഴ് സംസ്കാരത്തിന്റെ ജീവനാഡിയാണ്. ‘തൈ പിറന്താൽ വഴി പിറക്കും’ എന്നൊരു പഴഞ്ചൊല്ലു തന്നെയുണ്ട്.

എല്ലാ മംഗളകാര്യങ്ങളും തൈമാസം വന്നാൽ ഫലപ്രാപ്തിയിൽ വരുമെന്നാണു വിശ്വാസം. കൊയ്ത്തു കഴിഞ്ഞാൽ എല്ലാ ഐശ്വര്യങ്ങളും വന്നുചേരുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രകൃതിയിൽനിന്നു കിട്ടുന്ന പൂക്കൾ, ഫലങ്ങൾ, കായ്കറികൾ, പുത്തരി, കരിമ്പ്, മഞ്ഞൾ, ശർക്കര, പാൽ എന്നിവ പൊങ്കൽ ആഘോഷത്തിൽ പ്രധാനമാണ്. പുത്തരികൊണ്ടാണു പൊങ്കൽ തയാറാക്കുന്നത്. കൃഷിപ്പണി കഴിഞ്ഞു വീടെല്ലാം തൂത്തുവാരി, വെള്ള പൂശി, കാവിയും അരിമാവും കൊണ്ട് അണിയിച്ചൊരുക്കി മുറ്റത്തു കാപ്പുകെട്ടൽ നടത്തുന്നു.

തുമ്പപോലെ പവിത്രമായ സസ്യം കൊണ്ടാണു കാപ്പുകെട്ടൽ. ഒരുക്കിയ പൊങ്കൽ മുറ്റത്തു പുത്തൻ മൺപാത്രത്തിൽ മാവുകൊണ്ടണിഞ്ഞ് അടുപ്പു തയാറാക്കും. തൈമാസം ഒന്നാം തീയതി ഉദയത്തിനു ശേഷം സ്ത്രീകൾ കുളിച്ച് അണിഞ്ഞൊരുങ്ങി പൊങ്കൽ വയ്ക്കുന്നു. രണ്ടാം ദിവസം മാട്ടുപ്പൊങ്കൽ. തൊഴുത്തു വൃത്തിയാക്കി, കന്നുകാലികളെ കുളിപ്പിച്ച് ഒരുക്കി മഞ്ഞൾ, കുങ്കുമം എന്നിവ ചാർത്തി കഴുത്തിൽ മാലയണിയിച്ചു പൂജിക്കുന്നു. പൊങ്കലൊരുക്കി പച്ചക്കറി പാകം ചെയ്തു ഫലങ്ങൾ, കരിമ്പ്, ശർക്കര എന്നിവ കളത്തിൽ വച്ചു പൂജിക്കുന്നു.

മൂന്നാം ദിവസം പൂപ്പൊങ്കൽ. യുവതികൾ പുതുവസ്ത്രമണിഞ്ഞ് ഒരുങ്ങി താലത്തിൽ പൂവും ചാണക ഉരുണ്ടകളും പൊരി, ഫലങ്ങൾ എന്നിവയുമായി പുഴക്കരയിൽപോയി പൂജിച്ച് അവ പുഴയിലേക്കൊഴുക്കുന്നു. പോകുന്ന വഴിക്കു നാടൻപാട്ടുകൾ പാടും. ചിലർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകളും സമ്മാനങ്ങളും കൈമാറിയാണു മടങ്ങുക. പിന്നെ, അടുത്ത പൊങ്കലിനായുള്ള കാത്തിരിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com