ADVERTISEMENT

ചിറ്റൂർ ∙ തമിഴ് ജനതയുടെ കാർഷികോത്സവമായ പൊങ്കൽ ഉത്സവത്തിന് അതിർത്തി ഗ്രാമങ്ങളിൽ വർണാഭമായ തുടക്കം. ‘തൈ പിറന്നാൽ വഴി പിറക്കു’മെന്നാണ് തമിഴ് വാമൊഴി. മാർഗഴി മാസത്തിലെ അവസാന ദിവസത്തോടെ വീടുകൾ വൃത്തിയാക്കി വീടിന്റെ നാലു മൂലകളിലും കാപ്പുകെട്ടി, കോലമിട്ടു ലക്ഷ്മീദേവിയെ വരവേൽക്കുന്ന ചടങ്ങോടെയാണു പൊങ്കലിനു തുടക്കമായത്. എരിക്കില, മാവില, വേപ്പില,ആവാരം പൂവിന്റെ ഇല, പൂളപൂ തുടങ്ങിയവ ചെറിയ കെട്ടുകളാക്കി വീടിന്റെ നാലു മൂലകളിലും കെട്ടിവയ്ക്കുന്നതാണു കാപ്പുകെട്ടൽ, 

തമിഴ് ജനതയുടെ കലണ്ടർ പ്രകാരം തൈമാസം വന്നതോടെ പുതുവർഷം ആരംഭിച്ചു. അവസാന മാസമായ മാർഗഴിയിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങൾ ചെയ്യാറില്ല. പുതുവർഷമായ തൈമാസത്തിലേക്കു നീട്ടവയ്ക്കും. ജോലിക്കും പഠനത്തിനും മറ്റുമായി പുറത്തേക്കു പോയവരും മറ്റു സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ പൊങ്കൽ ഉത്സവം ആഘോഷിക്കാൻ തമിഴ്നാട്ടിലെ തഴവാട്ടു വീടുകളിലെത്തും. പുതുതായി കല്യാണം കഴി‍ഞ്ഞവർക്ക് പുതു വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകി പ്രത്യേക പരിഗണന നൽകും.

ഇന്നലെ വിവിധ നിറങ്ങളിലുള്ള പൊടികൾക്കൊണ്ടു വരച്ച് കോലങ്ങളാൽ വർണാഭമായിരുത്തു ഗ്രാമങ്ങളിലെ വീട്ടുമുറ്റങ്ങൾ. മുറ്റത്തു താൽക്കാലികമായി ഒരുക്കിയ അടുപ്പിൽ പുതിയ പാത്രത്തിൽ പൊങ്കൽ വച്ചു. പുതുതായി കൊയ്തെടുത്ത നെല്ല് അരിയാക്കിയാണു പൊങ്കൽ ചട്ടിയിലേക്കു ചൊരിഞ്ഞത്.

അടുപ്പിനു സമീപം കരിമ്പ്, വാഴ തുടങ്ങിയവ നട്ടുവയ്ക്കും. തിളച്ചുപൊങ്ങുന്ന പൊങ്കൽ കിഴക്കുഭാഗത്തേക്കു വീണാൽ ഈ വർഷം ശുഭമായിരിക്കുമെന്നാണ് വിശ്വാസം. അടുപ്പിൽ നിന്നിറക്കിയ പൊങ്കൽ പൂജിച്ച ശേഷം വാഴയിലകളിൽ കുടുംബാംഗങ്ങൾക്കു വിളമ്പി. ഒപ്പം കൃഷിയിടത്തിൽ വിളയിച്ചെടുത്ത പഴവർഗങ്ങളും. 

ഇന്നു കന്നുകാലികൾക്ക് അഭിവൃദ്ധിക്കായുള്ള മാട്ടുപൊങ്കലാണ്. കർഷകന് ഏറ്റവും വലിയ സഹായി കന്നുകാലികളായിരുന്നു. വീട്ടിലെ കാലിത്തൊഴുത്ത് പതിവിലും നന്നായി വൃത്തിയാക്കും. കന്നുകാലികളെ കുളിപ്പിച്ചു കൊമ്പുകളിൽ ചായം തേച്ചും പൂമാല അണിയിച്ചും അവയെ തൊഴുതും. പിന്നീട് വീട്ടുമുറ്റത്ത് താൽക്കാലികമായി നിർമിച്ച തെപ്പക്കുളം ചാടിക്കുന്ന ചടങ്ങും നടത്തും. 

കൂട്ടത്തിൽ ഏറ്റവും ചെറിയ കന്നുകാലിയെ പുമാലയണിയിച്ചാണ് ഈ ചടങ്ങു നടത്തുന്നത്. കന്നുകാലികൾക്ക് അസുഖങ്ങളും മറ്റും വരാതിരിക്കാനും അവയുടെ നന്മയ്ക്കും വേണ്ടിയുള്ളതാണു മാട്ടുപൊങ്കൽ. നാളെ നടക്കുന്ന പൂപൊങ്കലോടെ (കാട്ടുപൊങ്കൽ) പൊങ്കൽ ഉത്സവത്തിനു സമാപനമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com