ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്തെ വൈദ്യുതി ഇല്ലാത്ത 90 പട്ടികജാതി, വർഗ കോളനികളിൽ ഈ വർഷം വൈദ്യുതി എത്തിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ജില്ലയിലെ നവീകരിച്ച മീറ്റർ ടെസ്റ്റിങ് ലബോറട്ടറിയും എനർജി മീറ്റർ ടെസ്റ്റ് ബെഞ്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ അധ്യക്ഷയായി. 

ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.വിനോദ്, കെഎസ്ഇബി ഡയറക്ടർ കെ.മുരുകദാസ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ.ബൈജു, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.ടി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ജോയിന്റ് ഡയറക്ടർ എസ്.റിനോ ജോൺ, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.നൗഫൽ എന്നിവർ ക്ലാസ് നയിച്ചു. 

ഭാവിയിൽ നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്ന സ്മാർട്ട് മീറ്റർ, പ്രീപെയ്ഡ് മീറ്റർ എന്നിവ പരിശോധിക്കാം. ഒരു തവണ 10 മീറ്റർ വരെ പരിശോധിക്കാം. ത്രീഫെയ്സ് മീറ്റർ പരിശോധനയ്ക്കു 555 രൂപയും സിംഗിൾ ഫേസിന് 315 രൂപയുമാണ് ഈടാക്കുന്നത്. പുതിയ കണക്‌ഷൻ, സൗരോർജ പാനൽ, വ്യവസായ–വാണിജ്യ സ്ഥാപനങ്ങൾക്കു വേണ്ടി വാങ്ങുന്ന മീറ്ററുകൾ എന്നിവ പരിശോധിച്ചു കാലതാമസം കൂടാതെ സർട്ടിഫിക്കറ്റ് വാങ്ങി കെഎസ്ഇബിയിൽ നിന്നു കണക്‌ഷൻ നേടാം. 

ഗുണനിലവാരം അറിയാം
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡിന്റെ (ബിഐഎസ്) മൊബൈൽ ആപ്ലിക്കേഷനായ ‘ബിഐഎസ് കെയർ’ ഇൻസ്റ്റാൾ ചെയ്താൽ വാങ്ങുന്ന ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരവും വൈദ്യുതി ഉപയോഗവും അറിയാം. വെരിഫൈ ലൈസൻസ് ഡീറ്റെയിൽസ് (verify License Details) എന്ന ഭാഗത്ത് ലൈസൻസ് നമ്പർ (CM/L) അല്ലെങ്കിൽ R-Number ടൈപ്പ് ചെയ്തു നൽകണം.

ഉൽപന്നം ഐഎസ്ഐ അംഗീകൃതമാണോ, എത്ര വൈദ്യുതി ഉപയോഗിക്കും എന്നിവ അറിയാം. ഐഎസ്ഐ റജിസ്ട്രേഷൻ ഇല്ലാത്ത ഉപകരണങ്ങളുടെ നിർമാണം, ഇറക്കുമതി, വിൽപന എന്നിവ കണ്ടെത്തിയാൽ 2 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com