ADVERTISEMENT

വാളയാർ ∙ മോട്ടർ വാഹന വകുപ്പിന്റെ ഇൻ ചെക് പോസ്റ്റിലെ പ്രിന്ററിനുള്ളിൽ പേപ്പറിനു പകരം നോട്ടുകൾ. ഉദ്യോഗസ്ഥർ കൈക്കൂലിയായി പിരിച്ചെടുത്ത പണമാണ് ഇന്നലെ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പ്രിന്ററിൽ ഒളിപ്പിച്ച നിലയിൽ പിടികൂടിയത്. ഇതിനു പുറമേ ഉപയോഗശൂന്യമായ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും പണം പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി 25,650 രൂപയാണു വിജിലൻസ് സംഘം മോട്ടർ വാഹന വകുപ്പിന്റെ വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നു പിടികൂടിയത്. തുടർ പരിശോധനയിൽ സർക്കാർ നികുതി വരുമാന ഇനത്തിൽ 2,700 രൂപ കുറവും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ആരംഭിച്ച് ഇന്നലെ പുലർച്ചെ വരെ നീണ്ട പരിശോധന നാടകീയ സംഭവങ്ങൾക്കും സാക്ഷിയായി. ഉദ്യോഗസ്ഥരെ കണ്ട ഉടൻ കൗണ്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎംവിഐ പഴ്സ് ടേബിളിനടിയിലേക്കു വലിച്ചെറിഞ്ഞു. ഇതു കണ്ടെടുത്തു പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥൻ ഡിക്ലയർ ചെയ്ത് എഴുതി സൂക്ഷിച്ച തുകയെക്കാൾ 1450 രൂപ കൂടുതൽ കണ്ടെത്തി. 

മറ്റൊരു എഎംവിഐയുടെ കയ്യിൽ നിന്ന് 200 രൂപയും അധികമായി കണ്ടെത്തി. കൈക്കൂലി പണം പിരിക്കുന്നതിനു മുന്നോടിയായി ഡ്യൂട്ടിക്കു പ്രവേശിക്കുമ്പോൾ ഉദ്യോഗസ്ഥർ കൂടുതൽ പണം ഡിക്ലയർ ചെയ്തു പട്ടികയിൽ എഴുതി സൂക്ഷിക്കുന്നതായും വിജിലൻസ് പറയുന്നു. ചില സമയങ്ങളിൽ ഡിക്ലയർ റജിസ്റ്റർ കുറവു പണം രേഖപ്പെടുത്തുകയും പിന്നീട് കൈക്കൂലി പിരിച്ചെടുത്ത് ഈ തുക കൂടി ചേർത്ത് എഴുതി പരിശോധനയിൽ നിന്നു രക്ഷപ്പെടാറാണു പതിവെന്നും വിജിലൻസ് പറയുന്നു. ഡിവൈഎസ്പി സി.എം.ദേവദാസന്റെ നിർദേശ പ്രകാരം  ഇൻസ്പെക്ടർ അരുൺ പ്രസാദ്, എസ്ഐമാരായ ബി.സുരേന്ദ്രൻ, ജോസ് സോളമൻ, സീനിയർ സിപിഒമാരായ എൻ.വിമേഷ്, സി.ബാലകൃഷ്ണൻ, സിപിഒ എസ്.സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com