ADVERTISEMENT

പാലക്കാട് ∙ വിജ്ഞാനമേഖലയിൽ ഭാരതത്തിന്റെ സംഭാവനകൾ ആധുനിക ശാസ്ത്രലോകം ആശ്ചര്യത്തോടെയാണു കാണുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു. ചിന്മയ മിഷൻ ആത്മീയ സമ്മേളനം സംസ്കാരയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതം മേഖലകളിൽ ഭാരത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്.

ലോകത്തിനു ‘പൂജ്യം’ വരെ സമ്മാനിച്ച നാടാണിത്. പുരാതന വിജ്ഞാന ശാഖയിൽ പലതും സംരക്ഷിക്കാൻ നമുക്കായിട്ടില്ല. ചിലതെല്ലാം വാമൊഴികൾ വഴിയായിരുന്നു കൈമാറ്റം. അതും കൈമോശത്തിന് ഇടയാക്കി. ബഹിരാകാശ മേഖലയിലടക്കം സ്വയം പര്യാപ്തത കൈവരിച്ച ഭാരതം അത്തരം സാധ്യതകൾ കാർഷിക മേഖലയിൽക്കൂടി ഉപയോഗിക്കണം.

മണ്ണിനും കൃഷിക്കും വേണ്ടതു യഥാസമയം നൽകാൻ ഉപഗ്രഹ സാധ്യതകളിലൂടെ സാധിക്കും. കാർഷിക രംഗത്തെ വൈവിധ്യവൽക്കരണവും പ്രധാനമാണ്. ഊർജോ‍ൽപാദന മേഖലയിലും രാജ്യം കൂടുതൽ ശ്രദ്ധിക്കണം. ഹൈഡ്രജൻ, ന്യൂക്ലിയർ ഊർജം അടിസ്ഥാനമാക്കിയുള്ള കാൽവയ്പിലേക്കു നീങ്ങണം. ഇതിൽക്കൂടി പുരോഗമിച്ചാൽ ലോകത്തെ മൂന്നാമത്തെ ശക്തമായി രാഷ്ട്രം വളരും. 

ചന്ദ്രയാൻ–3 ഇന്ത്യയുടെ സ്വന്തം കാൽവയ്പാണ്. ആദിത്യ പദ്ധതിയും ലക്ഷ്യത്തോടടുക്കുന്നു. ഇത്തരം കുതിപ്പുകൾ ബഹിരാകാശ രംഗത്തു രാജ്യത്തിനു മേൽക്കോയ്മ നൽകും. അപ്പോഴും വ്യാവസായിക മേഖലകളിലടക്കം ആവശ്യമായ ഗവേഷണ സ്ഥാപനങ്ങളുടെ കുറവുണ്ട്. ഇതു പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സമ്മേളനത്തിൽ യുവജന ദിനത്തോടനുബന്ധിച്ചു നടന്ന യൂത്ത് ക്യാംപ് ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സംസ്കാര വൈസ് ചെയർമാൻ എം.പി.ദിനേശ് അധ്യക്ഷനായി. സ്വാമി അനുകൂലാനന്ദ, ഡോ.തോമസ് ജോർജ്, ശ്രീജിത്ത് പണിക്കർ, സംസ്കാര ജനറൽ കൺവീനർ ഡോ.ശ്യാ പ്രസാദ്, ടി.സത്യനാഥ് എന്നിവർ പ്രസംഗിച്ചു.സംസ്കാര സമ്മേനത്തിൽ ഇന്നു നാട്ടരങ്ങു ദിനമാണ്. നാടൻ കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടാകും. 

‘സ്വപ്നം കണ്ടാൽ പോരാ, പരിശ്രമവും വേണം’
സർ,– എനിക്ക് ചന്ദ്രനിൽ വീടു വയ്ക്കാനാകുമോ? ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥിനോടായിരുന്നു സദസ്സിലുള്ള വിദ്യാർഥിയുടെ ചോദ്യം ? തീർച്ചയായും സാധ്യമെന്നു മറുപടി. ഇതിനു സ്വപ്നം മാത്രം പോരാ, പരിശ്രമവും വേണം. ബഹിരാകാശ ശാസ്ത്രശാഖയെ അടുത്തറിയണം. 

ഇപ്പോൾ തന്നെ പരിശ്രമം തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. യുഎസ് ഒരു വർഷം ബഹിരാകാശ ശാസ്ത്രമേഖലയിലെ പഠനത്തിനും മറ്റുമായി 50 ബില്യൻ ഡോളർ ചെലവിടുമ്പോൾ ഇന്ത്യ 2 ബില്യൻ ഡോളറാണു  നീക്കിവയ്ക്കുന്നത്. ഇതാണ് ശാസ്ത്രമേഖലയിൽ വിദേശ രാജ്യത്തേക്കു പോകുന്നവരുടെ എണ്ണം ഉയരാൻ കാരണം. എന്നാൽ ഇപ്പോൾ നാസയിലേക്കു പോയവർ പോലും ഐഎസ്ആർഒയിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com