ADVERTISEMENT

കൊല്ലങ്കോട് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട അർഹമായ ജലത്തിനായി ശക്തമായ ഇടപെടലുകൾ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ.ബാബു എംഎൽഎ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു. 

കരാർ പ്രകാരം മണക്കടവ് വിയറിൽ ഒരു ജലവർഷം 7.25 ടിഎംസി വെള്ളം കേരളത്തിനു തമിഴ്നാട് ലഭ്യമാക്കണം. കരാർ വ്യവസ്ഥ അനുസരിച്ച് അപ്പർ നീരാർ വിയറിൽ 2023 ഒക്ടോബർ ഒന്നിനും 2024 ജനുവരി 31നും ഇടയിൽ ലഭ്യമാകുന്ന മുഴുവൻ വെള്ളവും കേരളത്തിന് അർഹതപ്പെട്ടതാണ്. എന്നാൽ, 2023–24 ജലവർഷത്തിൽ ജനുവരി 29 വരെ 3.57 ടിഎംസി ജലം മാത്രമാണു ലഭ്യമായത്.  5.20 ടിഎംസി വെള്ളം ലഭിക്കേണ്ടിയിരുന്ന ജനുവരി ഒന്നാം ദ്വൈവാരത്തിൽ 5.788 ടിഎംസി വെള്ളം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലും സർക്കാര‍് തലത്തിലും തമിഴ്നാടുമായി ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 19നു നടന്ന സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിൽ, ചിറ്റൂർ മേഖലയിലെ കൃഷിക്കും ശുദ്ധജല വിതരണത്തിനും ആവശ്യമുള്ള വെള്ളത്തിന്റെ കണക്കും അവതരിപ്പിച്ചിരുന്നു.

എന്നാൽ, നിലവിലെ വരൾച്ചാ സാഹചര്യം കണക്കിലെടുത്തു വെള്ളം നൽകാനാവില്ലെന്നും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തു മഴ ലഭ്യമാകുന്ന മുറയ്ക്കു കേരളം ആവശ്യപ്പെട്ട തോതിൽ വെള്ളം തരാമെന്നുമാണു തമിഴ്നാട് നിലപാട്. ഇതു കേരളം അംഗീകരിച്ചിട്ടില്ല. പറമ്പിക്കുളം അണക്കെട്ടിൽനിന്ന് ആളിയാറിൽ എത്തിച്ചു മണക്കടവിൽ വെള്ളം ലഭ്യമാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. ജലവിഭവ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തമിഴ്നാടിനു കത്തയച്ചെങ്കിലും അനുകൂല നിലപാടു സ്വീകരിക്കാൻ തമിഴ്നാട് തയാറല്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

പറമ്പിക്കുളം–ആളിയാർ കരാർ രണ്ടു തവണ പുതുക്കേണ്ട കാലാവധി കഴിഞ്ഞിരിക്കെയാണ്, ഈ ജലവർഷത്തിൽ ലഭിക്കേണ്ട 7.25 ടിഎംസി വെള്ളത്തിൽ 3.54 ടിഎംസി വെള്ളം മാത്രം തമിഴ്നാട് നൽകിയതെന്നു കെ.ബാബു എംഎൽഎ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ചിറ്റൂർപുഴ, മീങ്കര, ചുള്ളിയാർ, അണക്കെട്ടുകളെ ആശ്രയിച്ചു 19322 കർഷകരും 23475 ഹെക്ടർ നെൽക്കൃഷിയുമുണ്ട്. ഇതിനു പുറമേയാണു മറ്റു കൃഷി ചെയ്യുന്നവർ. മൂലത്തറ മുതൽ ചിറ്റൂർ പുഴ, ഭാരതപ്പുഴ, മീങ്കര എന്നിവ ഉൾപ്പെടെയുള്ള ശുദ്ധജല പദ്ധതികളും ആശ്രയിക്കുന്നതും പറമ്പിക്കുളം–ആളിയാർ വെള്ളത്തെയാണ്.

പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ടുകളിലും ആളിയാർ പുഴയിലെ മറ്റു ഡാമുകളിലുമായി 10.5 ടിഎംസി വെള്ളം ഉണ്ടായിട്ടും 300 മുതൽ 500 ക്യുസെക്സ് വെള്ളം ലഭിക്കേണ്ട കാലയളവിൽ 200 ക്യുസെക്സിൽ താഴെ വെള്ളമാണു തമിഴ്നാട് നൽകുന്നത്. പറമ്പിക്കുളം വെള്ളത്തെ ആശ്രയിച്ചു രണ്ടാം വിളവിറക്കിയ നെൽക്കർഷകരും മറ്റു കൃഷിക്കാരും ശുദ്ധജലത്തെ ആശ്രയിക്കുന്ന മറ്റു കൃഷിക്കാരും ഒരുപോലെ ആശങ്കയിലും പ്രക്ഷോഭത്തിലുമാണെന്നും എംഎൽഎ സബ്മിഷനിൽ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com