കഞ്ചിക്കോടിന് ഇനി ക്യാമറക്കണ്ണുകൾ
Mail This Article
പുതുശ്ശേരി ∙ കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷയും റോഡിലെ അപകടങ്ങളും തടയാൻ എംഎ പ്ലൈ ഫൗണ്ടേഷന്റെ സഹകരണത്തോടെ ജെസിഐ ഇന്ത്യ, പാലക്കാട് ഘടകം എംഎ പ്ലൈ എൻജിഒ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവികൾ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. ആദ്യ ഘട്ടമായി കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയവും ഇൻസ്ട്രുമെന്റേഷനും എഫ്സിആർഐയും ഉൾപ്പെടുന്ന കിണർ സ്റ്റോപ്പിനു സമീപമാണ് ക്യാമറ സ്ഥാപിച്ചത്.
ട്രാഫിക് ഫ്ലോ നിരീക്ഷിക്കുക, ക്രിമിനൽ പ്രവർത്തനങ്ങൾ തടയിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമറ നിരീക്ഷണം ഒരുക്കിയത്. പല അപകടങ്ങൾക്കും കാരണമായ വാഹനങ്ങളുടെ അമിത വേഗം തടയാനും ഇത് ഉപകരിക്കും. ചുറ്റുപാടുകളിൽ നടക്കുന്നതെല്ലാം പകർത്തിയെടുക്കാൻ കഴിയുന്ന അതിനൂതന ക്യാമറകൾ പൊലീസിനു തത്സമയ നിരീക്ഷണത്തിനും സഹായിക്കുമെന്നും ക്യാമറ സ്ഥാപിച്ചതിലൂടെ നിയമപാലകർക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ സാധിക്കുമെന്നും പ്രോജക്ട് ഡയറക്ടർ എസ്.ശ്രീനിവാസൻ പറഞ്ഞു.
ജെസിഐ നിയുക്ത പ്രസിഡന്റ് എ.സമീറ, സെക്രട്ടറി ഋഷികേഷ് രവി പ്രകാശ്, ജെസിഐ ദേശീയ കോഓർഡിനേറ്റർ ഹിതേഷ് ജെയിൻ, മുൻ മേഖല ഓഫിസർ നിഖിൽ കൊടിയത്തൂർ, ആർ.രഞ്ജിത്, പി.പ്രശാന്ത് തുടങ്ങിയവർ പദ്ധതിയുടെ നിർവഹണത്തിനും, പൂർത്തീകരണത്തിനും മേൽനോട്ടം വഹിച്ചു. കസബ പൊലീസിന്റെ അഭ്യർഥന മാനിച്ചാണ് ജെസിഐ എംഎ പ്ലൈ എൻജിഒ പദ്ധതി ഫലപ്രാപ്തിയിൽ എത്തിച്ചത്. ദേശീയപാത അതോറിറ്റി സൗജന്യ വൈദ്യുതി ലഭ്യമാക്കി.