അട്ടപ്പാടിയിലെ ഊരുകളിൽ ചുനാവ് പാഠശാലയുമായി ഇലക്ടറൽ ലിറ്ററസി ക്ലബ്

Mail This Article
പാലക്കാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ പോളിങ് ശതമാനം ഉയർത്തുന്നതിനായി ഇലക്ട്രറൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ ചുനാവ് പാഠശാലയുടെ (തിരഞ്ഞെടുപ്പ് ബോധവൽക്കരണ ക്ലാസ്) രണ്ടാം ഘട്ടം പ്രാക്തനാ ഗോത്ര ഊരുകളിൽ തുടക്കമായി. ഇടവാണി ഊരിൽ നടന്ന ചടങ്ങിൽ ഊര് മൂപ്പൻ കാളി അധ്യക്ഷനായി. പാലക്കാട് ജില്ലാ അസിസ്റ്റന്റ് കളക്ടർ ഒ.വി.ആൽഫ്രട്ട് ചുനാവ് പാഠശാല ഉദ്ഘാടനം ചെയ്തു.
ഊര് വണ്ടാരി പണലി, മണ്ണാർക്കാട് താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ എം.ജി.മജു, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ ടി.സത്യൻ, ഹെഡ് മാസ്റ്റർ ജോസഫ് ആന്റണി, അധ്യാപികമാരായ എസ്.മിനി, എം.രാജിമോൾ, എസ്ടി പ്രൊമോർട്ടർ ബിനു, അട്ടപ്പാടി ആർജിഎം കോളജ്, ഐഎച്ച്ആർഡി കോളജ്, അഗളി ഗവ. വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ ഇലക്ടറൽ ലിറ്ററസി ക്ലബുകളിലെ ക്യാംപസ് അംബാസിഡർമാരായ എസ്.അനന്ദു, വിഷ്ണുസതീഷ്, വി.എസ്.ഷിബിൻ, ക്ലബ് അംഗങ്ങളായ വി.എസ്.അജ്മൽ ക്രിസ്സിമോൾ, ശ്രീഹരി എന്നിവർ പങ്കെടുത്തു. അട്ടപ്പാടിയിലെ മറ്റു ഗോത്ര ഊരുകളിൽ ക്ലബിന്റെ നേതൃത്വത്തിൽ 2023 ഒക്ടോബറിൽ പരിപാടി ആരംഭിച്ചിരുന്നു. പാലക്കാട് ജില്ലാ സ്വീപ്പ് നോഡൽ ഓഫിസറും അസിസ്റ്റന്റ് കലക്ടറുമായ ഒ.വി.ആൽഫ്രട്ടിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.