തോട്ടം മേഖലയിൽ കാട്ടാനകളുടെ ഉറക്കം; തൊഴിലാളികൾക്ക് ആശങ്ക
Mail This Article
വാൽപാറ∙ തോട്ടം മേഖലകളിൽ പലയിടത്തായി കാട്ടാനകൾ തമ്പടിക്കുന്നത് തൊഴിലാളികളെ മുൾമുനയിലാക്കുന്നു. പല തോട്ടങ്ങളിലും തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കുരങ്ങുമുടി എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടം തേയിലത്തോട്ടത്തിനോട് ചേർന്നുള്ള ചതുപ്പ് നിലത്തിൽ രണ്ടു കുട്ടിയാനകളെ കിടത്തിയുറക്കി രണ്ടു മണിക്കൂറോളം കാവൽ നിന്ന സംഭവമുണ്ടായി. മണിക്കൂറുകൾക്കു ശേഷമാണ് ഉറക്കമുണർന്ന കുട്ടിയാനകളുമൊത്ത് ആനക്കൂട്ടം നടന്നു നീങ്ങിയത്.
മാനാംമ്പള്ളി റേഞ്ച് ഓഫിസർ മണികണ്ഠന്റെ നിർദേശ പ്രകാരം വനപാലകർ കാട്ടാനകളുടെ നീക്കം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ കരുമല അയ്യർപാഡി റോഡരികിലുള്ള ചോലയിൽനിന്നു കാട്ടാനക്കൂട്ടം പുറത്തിറങ്ങിയത് മുതൽ ഇവിടെയുള്ള തൊഴിലാളികൾ കനത്ത ഭീതിയിലാണ്. ഏതു നേരവും തൊഴിലാളികളുടെ ലയങ്ങളിൽ എത്താൻ സാധ്യതയുള്ളതിനാൽ വനം വകുപ്പ് സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ട്.