ADVERTISEMENT

മണ്ണാർക്കാട് ∙ സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് നിർദേശിച്ച എല്ലാ പദ്ധതികളും ഉൾപ്പെട്ടതായി എൻ.ഷംസുദ്ദീൻ എംഎൽഎ. അലനല്ലൂർ കണ്ണംകുണ്ട് പാലം ഇത്തവണയെങ്കിലും നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ബജറ്റിലും ഇത്തവണത്തെ ബജറ്റിലും പാലത്തിനായി ഓരോ കോടി വീതം വകയിരുത്തിയതിനാൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. മണ്ണാർക്കാട് നഗരസഭയ്ക്ക് കെട്ടിടവും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്ന പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു. അട്ടപ്പാടിയിൽ അഗ്നിരക്ഷാ നിലയം സ്ഥാപിക്കുന്നതിനും തുക വകയിരുത്തി. കൂടാതെ അലനല്ലൂർ പഞ്ചായത്തിലെ

ആലുങ്കൽ- കൊമ്പങ്കല്ല് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ, അഗളി- ജെല്ലിപ്പാറ റോഡ്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വൈദ്യുത വേലി നിർമാണം, ഷോളയൂർ പഞ്ചായത്തിലെ മേലെ സാമ്പാർക്കോട് പാലം നിർമാണം, നായാടിക്കുന്ന് മിനി സ്റ്റേഡിയം, ചങ്ങലീരി സിഎച്ച് മെമ്മോറിയൽ സ്റ്റേഡിയം, അട്ടപ്പാടിയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ, മണ്ണാർക്കാട് കോടതി സമുച്ചയം നിർമാണം, കണ്ടമംഗലം- കുന്തിപ്പാടം- ഇരട്ട വാരി റോഡ് നിർമാണം, അലനല്ലൂർ ജിഎച്ച്എസ്എസിന് പുതിയ കെട്ടിടം നിർമാണം തുടങ്ങിയവയാണ് ബജറ്റിൽ ഇടംപിടിച്ചവ. മണ്ഡലത്തിൽ നിന്ന് നൽകിയ എല്ലാ നിർദേശങ്ങളും മന്ത്രി അംഗീകരിച്ചുവെന്നതാണ് മണ്ണാർക്കാടിന്റെ പ്രത്യേകത.

കോങ്ങാട് മണ്ഡലത്തിന് 20 കോടി 
കേരളശ്ശേരി - കോങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വടശ്ശേരി നെമ്പരത്തി പാലം നിർമാണത്തിനു 1.5 കോടി. കോങ്ങാട് കമ്യൂണിറ്റി ഹാൾ നിർമാണം 2 കോടി.     തച്ചമ്പാറ കണ്ണോട് പാലം ഒരു കോടി, നിയോജക മണ്ഡലത്തിലെ പൂതംകോട് ഗവ.എൽപി സ്കൂൾ, കമ്പ ഗവ.എൽപി സ്കൂൾ, പൊറ്റശ്ശേരി ഗവ.എൽപി സ്കൂൾ, പുല്ലുവായക്കുന്ന് ഗവ.എൽപി സ്കൂൾ, കല്ലൂർ ഗവ.എൽപി സ്കൂൾ തുടങ്ങിയ 5 സ്കൂളുകളുടെ കെട്ടിട നിർമാണത്തിനു 3.75 കോടി. കല്ലടിക്കോട് കണക്കമ്പാടം കുളം 75 ലക്ഷം, മണ്ണൂർ സ്റ്റേഡിയം 1 കോടി, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണിക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി 10 കോടി. കൂടാതെ 10 പദ്ധതികൾ 100 രൂപ ടോക്കൺ പ്രകാരവും ഉണ്ട്.

മലമ്പുഴയ്ക്ക് 10 കോടി
മലമ്പുഴ ∙ എട്ടു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 10 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയത്. വാരണിപ്പാലം, മലമ്പുഴ ഉദ്യാനം നവീകരണം പദ്ധതികൾക്ക് ഇത്തവണയും ഫണ്ട് ലഭിച്ചില്ല. പക്ഷേ നവകേരള സദസ്സിലെ പരാതി പരിഹാരത്തിന് അനുവദിച്ച 1,000 കോടി രൂപയിൽ നിന്ന് വാരണി പാലം നിർമാണത്തിനു ഫണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയ്ക്ക് അനുവദിച്ച തുകയിൽ മലമ്പുഴയ്ക്കു പ്രതീക്ഷയുണ്ട്. ശുദ്ധജല പദ്ധതികൾക്ക് ഉൾപ്പെടെ ഇതിലൂടെ ഫണ്ട് ലഭിക്കുമെന്നാണു കരുതുന്നത്. 

ബജറ്റിൽ അനുവദിച്ചത്
∙ മുണ്ടൂർ പഞ്ചായത്തിലെ കാഞ്ഞിക്കുളം – ബംഗ്ലാംകുന്ന് എംഎൽഎ റോഡ് നവീകരണത്തിനു 2.5 കോടി രൂപ
∙ എലപ്പുള്ളി പഞ്ചായത്തിലെ നല്ലേപ്പിള്ളി–കൊച്ചിൻ ത്രോണ്ടിയർ റോഡ് നവീകരണത്തിനു 3.5 കോടി രൂപ
∙ അകത്തേത്തറ അമ്പാട്ടുതോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനു 1.5 കോടി രൂപ. മഴക്കാലത്തു തോട് കവിഞ്ഞു വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണിത്. 
∙ മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി – നരകംപുള്ളി റോഡ് നവീകരണത്തിനു 2.5 കോടി രൂപ

പ്രതീക്ഷിച്ചു, കിട്ടിയില്ല
പ്രളയത്തിൽ തകർന്ന വാരണി പാലത്തിനു സമാന്തരമായി പാലം നിർമിക്കാൻ ഫണ്ട് അനുവദിച്ചില്ല. കഴിഞ്ഞ വർഷവും ഈ പദ്ധതിക്കു ഫണ്ട് പ്രതീക്ഷി ച്ചിരുന്നു. 15 കോടി രൂപയുടെ പദ്ധതിയാണു സമർപ്പിച്ചത്. ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണ്. മലമ്പുഴ ഉദ്യാനത്തെ പഴയ പ്രതാപത്തിലേക്കു കൊണ്ടുപോകാനുള്ള 25 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് ഇത്തവണയും ഫണ്ട് അനുവദിച്ചിട്ടില്ല. ടൂറിസം വികസനത്തിന് വകയിരുത്തിയ തുകയിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷ. 

കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ എന്തായി  
മൂന്നു റോഡുകളുടെ വികസനത്തിനായി 10 കോടി രൂപയാണു കഴിഞ്ഞ വർഷവും അനുവദിച്ചത്. പുതുശ്ശേരി പഞ്ചായത്തിലെ ചന്ദ്രാപുരം–കോഴിപ്പാറ റോഡ് (3 കോടി രൂപ), അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠം – കടുക്കാംകുന്നം റോഡ് (3 കോടി), പുതുപ്പരിയാരം പഞ്ചായത്തിലെ മുട്ടിക്കുളങ്ങര കമ്പ – കിണാവല്ലൂർ റോഡ് (4 കോടി).

ചന്ദ്രാപുരം – കോഴിപ്പാറ റോഡ് നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. മറ്റു റോഡുകളുടെ നിർമാണം തുടങ്ങിയത് അടുത്തിടെ. ജലജീവൻ മിഷന്റെ ശുദ്ധജ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വൈകുന്നതാണു റോഡ് നവീകരണം തുടങ്ങാനാകാത്തതെന്നു ജനപ്രിതിനിധികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com