ADVERTISEMENT

മുതലമട ∙ പഞ്ചായത്തിലെ മുതലമട ഒന്ന് വില്ലേജിലുള്ള 21 അനധികൃത ക്വാറികൾക്കു വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകി. രണ്ടു വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. മുതലമട 1 വില്ലേജിന്റെ പരിധിയിൽ വരുന്ന അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണു സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും കല്ല് കടത്താൻ ഉപയോഗിച്ച രണ്ടു ലോറികൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മുതലമട ചെമ്മണാംപതി ആനകെട്ടിമേട്ടിൽ 6 ക്വാറികൾക്കും ഇടുക്കപ്പാറയിലെ 6 ക്വാറികൾക്കുമാണ് ഇന്നലെ റവന്യു സംഘം സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതു കൂടാതെ പള്ളിത്തറ ഇടുക്കപ്പാറയിൽ 4 ക്വാറിക്കും ചുള്ളിയാർ ഡാം പരിസരത്തെ 3 ക്വാറികൾക്കും കരടിക്കുന്ന്, മൂച്ചംകുണ്ട് എന്നിവിടങ്ങളിലെ ഓരോ ക്വാറികൾക്കുമാണു വില്ലേജ് ഓഫിസർ ജി.സുരേഷ് ബാബു, സ്പെഷൽ വില്ലേജ് ഓഫിസർ വി.മണികണ്ഠൻ, വില്ലേജ് അസിസ്റ്റന്റ് കെ.ശബരിനാഥൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ ജി.സുജേഷ്, എം.രതീഷ് എന്നിവരടങ്ങുന്ന സംഘം പരിശോധനകൾക്കു ശേഷം സ്റ്റോപ്പ് മെമ്മോ നൽകിയത്. 

അതീവ പരിസ്ഥിതി ദുർബല മേഖലകൾ ഉൾപ്പെടുകയും പറമ്പിക്കുളം കടുവ സങ്കേതം ഉൾപ്പെടുന്നതുമായ മുതലമട ഒന്ന് വില്ലേജിലെ മൂച്ചംകുണ്ടിൽ പുതിയ ക്വാറിക്കു പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്ത് അയച്ചിരുന്നു. കോളനികളുടെയും പൗരസമിതിയുടെയും എല്ലാം എതിർപ്പും ക്വാറികളുടെ കാര്യത്തിൽ നില നിൽക്കുന്നുണ്ട്. മൂച്ചംകുണ്ടിൽ പ്രവർത്തിച്ചിരുന്ന ക്വാറിക്കെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർന്നു വന്നിരുന്നു എന്ന സാഹചര്യം നിലനിൽക്കെയാണു റവന്യു വകുപ്പ് 21 ക്വാറികൾക്കു സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. 

പാരിസ്ഥിതികമായ വെല്ലുവിളികൾ നേരിടുന്നതും ആനമല കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്നതുമായ മുതലമട 1 വില്ലേജിലാണു രാജ്യത്തെ പ്രധാനപ്പെട്ട കടുവ സങ്കേതമായ പറമ്പിക്കുളം നിലനിൽക്കുന്നത്. അതിനാൽ തന്നെ റവന്യു വകുപ്പ് സ്വീകരിക്കുന്ന നടപടികൾക്കു വലിയ പ്രാധാന്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com