ADVERTISEMENT

ഒറ്റപ്പാലം ∙ എട്ടു വർഷത്തിനു ശേഷം ഭാരതപ്പുഴയിലെ‍ കടവുകൾ മണൽവാരലിനു തുറക്കുന്നു. ബജറ്റിലെ പ്രഖ്യാപനം നിർമാണ മേഖലയ്ക്കു പ്രിയപ്പെട്ട ‘പട്ടാമ്പി മണൽ’ എന്ന ഭാരതപ്പുഴ മണൽ ലഭ്യമാക്കുമെങ്കിലും മണൽ മാഫിയയുടെ വിളനിലമായി വീണ്ടും പുഴ മാറുമോ എന്ന ആശങ്കയുമുണ്ട്. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നുള്ള മണൽ വാരൽ നടപ്പു സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നാണു ബജറ്റ് തീരുമാനം. പക്ഷേ, കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാതായാൽ അനിയന്ത്രിതമായ മണൽവാരലിലൂടെ പുഴ വീണ്ടും നശിക്കും.

2016ലാണു മണൽ കടത്തു നിർത്തിവച്ചത്. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ മണ്ണടിഞ്ഞു പുഴകളുടെ ആഴം കുറഞ്ഞതോടെ നിയമാനുസൃതമായ രീതിയിൽ മണലെടുപ്പിനെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങി. നദികളിൽ മണൽ നിറഞ്ഞു കിടക്കുന്നത് ഒഴുക്കു തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ, മണൽ നീക്കുന്നതുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തുകയും ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. മണലി‍ൽ നിന്ന് 200 കോടി രൂപയാണു സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം. ഇതിനൊപ്പം നദികളുടെ ജലസംഭരണ ശേഷി വർധിക്കുമെന്നും വെള്ളപ്പൊക്ക സാധ്യത കുറയുമെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നു.

എം സാൻഡിനു പകരം നല്ല മണൽ നിർമാണമേഖലയ്ക്കു ലഭിക്കുമെന്നത് നേട്ടമാണ്. അതേസമയം, ഒരു പതിറ്റാണ്ടു മുൻപ് മണൽ മാഫിയയുടെ കൂത്തരങ്ങായിരുന്നു ലക്കിടിയും ഒറ്റപ്പാലവും ഷൊർണൂരും പട്ടാമ്പിയും തൃത്താലയുമൊക്കെ. മണൽപാസ് നൽകുന്നതിൽ വ്യാപകമായ അഴിമതിയുമുണ്ടായിരുന്നു. സർക്കാരിന്റെ കർശന നിയന്ത്രണം വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com