തൊണ്ടിയന്നൂരിലെ ക്വാറി തൽക്കാലം നിർത്തിവയ്ക്കാൻ നിർദേശം
Mail This Article
പട്ടാമ്പി ∙ തൊണ്ടിയന്നൂർ ക്വാറി പ്രക്ഷോഭ സമിതിയുടെ സമരത്തിന് വിജയം. ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച റവന്യൂ സംഘം ക്വാറി ഉടമയോട് ആവശ്യപ്പെട്ടു. ഓങ്ങല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് തൊണ്ടിയന്നൂരിൽ ജനവാസ മേഖലയിൽ നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി കഴിഞ്ഞ ദിവസം ആരംഭിച്ച ക്വാറിക്ക് എതിരെയാണ് നാട്ടുകാരുടെ പ്രക്ഷോഭം.
ഇന്നലെ രാവിലെ 7ന് ക്വാറിയിലേക്ക് വരുന്ന വാഹനങ്ങൾ പ്രക്ഷാഭ സമിതി നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞിട്ടു. തുടർന്ന് 11 മണിയോടെ പട്ടാമ്പി തഹസിൽദാർ ടി.ജി. ബിന്ദു, ഭൂരേഖ തഹസിൽദാർ പി. ഗിരിജ ദേവി, ഡപ്യൂട്ടി തഹസിൽദാർമാരായ വി.പി. സെയ്ത് മുഹമ്മദ്, കെ.സി. കൃഷ്ണകുമാർ , വില്ലേജ് ഓഫിസർ ജോമി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി.
പട്ടാമ്പി സിഐ എൻ.ബി. ഷൈജു, എസ്ഐ സി.കെ. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രക്ഷോഭസമിതി ഭാരവാഹികളുമായി ചർച്ച നടത്തി. പഞ്ചായത്ത് അധ്യക്ഷ രതി ഗോപാലകൃഷ്ണൻ, ഉപാധ്യക്ഷൻ ടി.പി. രജീഷ്, വാർഡ് അംഗങ്ങളായ വി.ടി. ഷിഹാബ്, യു.ടി.മാലതി, എൻ. റസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഉണ്ണിക്കൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി.
ക്വാറി പ്രദേശവും പാറ പൊട്ടിക്കൽ മൂലം വിള്ളൽ സംഭവിച്ച വീടുകളും ഉദ്യോഗസ്ഥ , ജനപ്രതിനിധി സംഘം സന്ദർശിച്ചു. താലൂക്ക് വികസന സമിതിയിൽ ക്വാറി വിഷയം ചർച്ചായതിനെതുടർന്നാണ് പ്രദേശം സന്ദർശിച്ചതെന്നും, ക്വാറിയിലേക്ക് അനുമതി ലഭിച്ച വഴിയല്ല ഉപയോഗിക്കുന്നതെന്നും നിലവിൽ നിർമിച്ച വഴി തണ്ണീർത്തടം നികത്തിയതാണെന്നുമുള്ള പരാതിയും റവന്യു സംഘം പരിശോധിച്ചു.
നിലവിൽ അനുമതിയില്ലാത്ത സ്ഥലത്താണ് വഴി നിർമാണത്തിന്റെ പേരിൽ പാറ പൊട്ടിക്കുന്നതെന്നും നാട്ടുകാർ റവന്യു സംഘത്തെ അറിയിച്ചു. ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കാൻ ആവശ്യപ്പെട്ട സംഘം പ്രദേശവാസികളുടെ പരാതികൾ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും തഹസിൽദാർ ടി.ജി. ബിന്ദുവും ഭൂരേഖ തഹസിൽദാർ പി.ഗിരിജാ ദേവിയും അറിയിച്ചു. പാതിയിൽ അന്വേഷണം നടത്തി തീരുമാനം വരുന്നത് വരെ പാറ പൊട്ടിക്കരുതെന്ന് റവന്യു സംഘവും പൊലീസും ക്വാറി ഉടമക്ക് കർശന നിർദേശം നൽകി.
ക്വാറി താൽക്കാലികമായി നിർത്താൻ അധികൃതർ ആവശ്യപ്പെട്ടതോടെ ഉച്ചയോടെ വീട്ടമ്മമാരും കുട്ടികളുമടക്കമുള്ള സമരക്കാർ പിരിഞ്ഞുപോയി. ക്വാറി വിരുദ്ധ പ്രക്ഷോഭസമിതി ചെയർമാൻ ജില്ലാ പഞ്ചായത്തംഗം എ. എൻ. നീരജ്, കൺവീനർ ഗോപി പൂവക്കോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്വാറിയിലേക്കുളള ലോറി തടഞ്ഞുള്ള നാട്ടുകാരുടെ പ്രതിഷേധം.