ADVERTISEMENT

പാലക്കാട് ∙ ‘‘ടൗണിൽ പോയി ഒരു സിനിമ കാണണം, നഗരം ഒന്നു ചുറ്റിക്കാണണം, പിന്നെ ഹോട്ടലിൽ കയറി നല്ലൊരു ബിരിയാണി കഴിക്കണം.’’ വീൽചെയറിലിരുന്ന് അകത്തേത്തറ പണ്ടാരക്കളം സ്വദേശി എം.എ.ആകാശ് തന്റെ ചെറിയ ആഗ്രഹങ്ങൾ പങ്കുവയ്ക്കുകയാണ്. പക്ഷേ, യാത്ര പോകും മുൻപ് വീൽചെയർ പോകുന്ന സ്ഥലമാണോ, റാംപ് ഉണ്ടോ, സ്റ്റെപ്പ് കയറണോ, സൗകര്യമുള്ള ശുചിമുറിയുണ്ടോ എന്നൊക്കെ അന്വേഷിക്കണം. ഒടുവിൽ പല സ്വപ്നങ്ങളും ക്ലാസ് മുറികളിലും വീട്ടിലും മാത്രമായി ചുരുങ്ങും.

ഗവ.വിക്ടോറിയ കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് ആകാശ്. ജന്മനാ കാലുകൾക്കു ശേഷിയില്ല. വീൽചെയർ ലഭിച്ചത് ഈയിടെ. ചെറുപ്പം മുതൽ അച്ഛന്റെ സ്കൂട്ടറിലാണു സ്കൂളിലും കോളജിലും പോയത്.മുട്ടുവരെ മാത്രമാണു കാലുകളായി മാങ്കാവ് പുത്തൻപുരയ്ക്കൽ ജെ.ബി.ക്രിസ്റ്റീനയ്ക്കുള്ളത്. നടക്കുമ്പോൾ വേദനിക്കും. വീൽചെയർ ഇല്ല. ചെറുപ്പം മുതൽ അച്ഛൻ ജോൺ ബ്രിട്ടോ ആണു ക്രിസ്റ്റീനയെ സ്കൂളിലെത്തിക്കുന്നതും തിരികെ കൊണ്ടുവരുന്നതും. ഇപ്പോൾ കോളജിൽ പോകുന്നതും അങ്ങനെയാണ്.

ഗവ.വിക്ടോറിയ കോളജിൽ രണ്ടാം വർഷ എംകോം വിദ്യാർഥിയാണു ക്രിസ്റ്റീന. ജൂനിയർ റിസർച് ഫെലോഷിപ്പും നേടി.  ‘‘യാത്ര, സിനിമ, ഷോപ്പിങ് ഇതൊക്കെ നിങ്ങൾക്കു ചെറിയ കാര്യമായിരിക്കാം. പക്ഷേ, ഞങ്ങൾക്കു സാധിക്കാതെ പോയ വലിയ സ്വപ്നങ്ങളും സന്തോഷങ്ങളുമാണത്. ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ പാർവതി അവതരിപ്പിച്ച സെറ എന്ന കഥാപാത്രം വീൽചെയറിലിരുന്നു ബസിൽ കയറുന്ന രംഗം കണ്ടപ്പോൾ സന്തോഷം തോന്നി.

ഭാവിയിലെങ്കിലും അങ്ങനെയൊരു സാധ്യതയുണ്ടല്ലോ എന്നോർത്ത്. പക്ഷേ, അതിനൊന്നും നമ്മുടെ ഭരണകൂടം മെനക്കെടുന്നില്ല.’’ വീൽചെയറിലിരുന്ന് സ്കൂളിലും കോളജിലുമെത്തുന്ന 19 പേർ ജില്ലയിലുണ്ട്, വിവിധ ഭിന്നശേഷി നേരിടുന്ന 516 വിദ്യാർഥികളും. വിദ്യാർഥികൾക്കു പുറമേ കാലിനു ശേഷിയില്ലാത്ത 2,370 പേർ ജില്ലയിലുണ്ട്.

റാംപ് മാത്രം പോരാ
റാംപ് സൗകര്യം ഒരുക്കിയതുകൊണ്ടു മാത്രം ഭിന്നശേഷി സൗഹൃദമാകില്ലെന്നു ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർ പറയുന്നു. ജില്ലയിലെ 18 സ്കൂളുകളും 2 കോളജുകളും മാത്രമാണു ഭിന്നശേഷി സൗഹൃദമായിട്ടുള്ളത്. ബസ് സ്റ്റാൻഡുകളിൽ പലതും അങ്ങനെയല്ല. കോടതിയിലെ സ്ഥിതിയും അതുതന്നെ. വീൽചെയർ പോകാൻ പാകത്തിനുള്ള റോഡുകൾ എവിടെയുമില്ല. വിരലിൽ എണ്ണാവുന്ന സർക്കാർ സ്ഥാപനങ്ങളിൽ റാംപ് ഒരുക്കിയിട്ടെങ്കിലും ഭിന്നശേഷി സൗഹൃദ ശുചിമുറികളില്ല. പാലക്കാട് സിവിൽ സ്റ്റേഷനിൽ റാംപ്, ലിഫ്റ്റ്, ശുചിമുറി സൗകര്യങ്ങൾ അടുത്തിടെ ഒരുക്കി.

 എങ്ങനെയാകാം ഭിന്നശേഷി സൗഹൃദം ?
∙ റോഡുകളിൽ നടപ്പാത പോലെ വീൽ ചെയറിൽ പോകാനുള്ള സൗകര്യം. 
∙ നടപ്പാതകളിൽ റാംപ്. റോഡിന്റെ മറുവശം കടക്കുന്നതിനു പ്രത്യേക ഇടങ്ങൾ.
∙ കെട്ടിടത്തിന്റെ മുകൾ നിലകളിലേക്കു കയറാൻ റാംപ്, ലിഫ്റ്റ്.
∙ കെട്ടിടങ്ങളുടെ മുറ്റത്തെ പ്രവേശനം തടസ്സരഹിതമായിരിക്കണം.  റാംപിന്റെയോ ലിഫ്റ്റിന്റെയോ അടുത്തുവരെ വാഹനത്തിൽ എത്താൻ കഴിയണം.
∙ വാതിലുകൾക്കു വീൽചെയർ കയറാനുള്ള വീതിയും വലുപ്പവും വേണം. 

   ശുചിമുറികളുടെ വാതിലുകൾക്കും ഇതു വേണം.
∙ ശുചിമുറികളിലെ സ്വിച്ച്, ഫ്ലഷ് ഉൾപ്പെടെ കുറഞ്ഞ ഉയരത്തിൽ സ്ഥാപിക്കണം.  ശുചിമുറിയിലും റാംപുകൾ വേണം.
∙ ആവശ്യപ്പെട്ടാൽ വീൽചെയറുകൾ, വോക്കിങ് സ്റ്റിക്കുകൾ, ക്രച്ചസുകൾ എന്നിവ ലഭ്യമാക്കണം. 
∙ ബസുകളിൽ വീൽചെയർ കയറ്റാനുള്ള റാംപ്. വീൽചെയർ ഉറപ്പിക്കാനുള്ള സൗകര്യവും സീറ്റ് ബെൽറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com