ADVERTISEMENT

എലവഞ്ചേരി ∙ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നു വഴിയരികിൽ നിന്നു കരഞ്ഞ പെൺകുട്ടിക്കു പൊലീസ് ഡ്രൈവറുടെ സ്നേഹക്കരുതൽ. പരീക്ഷ തന്നെ നഷ്ടമാകുമെന്ന ഭയന്ന കുട്ടിയെ സമയത്തിനു 10 മിനിറ്റു മുൻപു ഹാളിലെത്തിച്ച ഉദ്യോഗസ്ഥനു നാടിന്റെ സല്യൂട്ട്.  നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി, എലവഞ്ചേരി തെക്കുമുറി ഹൗസിൽ സി.ജനാർദനന്റെ മകൾ ജെ.ദിയയ്ക്കാണു ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവറും ചിറ്റൂർ വിളയോടി സ്വദേശിയുമായ എസ്.സുഭാഷിന്റെ സമയോചിത ഇടപെടൽ അനുഗ്രഹമായത്.  

സംഭവത്തെക്കുറിച്ചു ദിയ പറയുന്നതിങ്ങനെ: എസ്എസ്എൽസി ഐടി പൊതുപരീക്ഷയായിരുന്നു ഇന്നലെ. രാവിലെ നെന്മാറയിലെത്തി കൂട്ടുകാർക്കൊപ്പം ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് എടുത്തിട്ടില്ലെന്ന് അറിയുന്നത്. ഉടൻ സമീപത്തെ ബേക്കറിയിൽ കയറി അച്ഛനെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ കരച്ചിലായി. അപ്പോൾ സമയം 8.50 ആയിരുന്നു.

ഈ സമയത്താണു സുഭാഷ്, ഭാര്യ വി.കെ.ദൃശ്യയുടെ നെന്മാറ വക്കാവിലെ വീട്ടിൽ നിന്നു ജോലിക്കു പോകാൻ ഇതു വഴി വന്നത്. കഴിഞ്ഞ ദിവസം കുഞ്ഞു ജനിച്ചതിന്റെ സന്തോഷം പങ്കിടാൻ സഹപ്രവർത്തകർക്കായി മധുരം വാങ്ങാൻ ബേക്കറിയിൽ കയറിയതായിരുന്നു സുഭാഷ്.

ദിയ കരയുന്നതു കണ്ടു കാര്യമന്വേഷിച്ചു. ഹാൾ ടിക്കറ്റ് മറന്നെന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ ഉടൻ ഹെൽമറ്റ് നൽകി ദിയയെ ബൈക്കിൽ കയറ്റി എലവഞ്ചേരിയിലെ വീട്ടിലെത്തിച്ചു. ഹാൾ ടിക്കറ്റ് എടുത്തു തിരിച്ചു നെന്മാറ ഗേൾസ് സ്കൂളിൽ പരീക്ഷയ്ക്ക് എത്തിക്കുമ്പോൾ സമയം 9.20. ഒൻപതരയ്ക്കാണു പരീക്ഷ തുടങ്ങിയത്.  ആശങ്കയില്ലാതെ പരീക്ഷ എഴുതാനായതു സുഭാഷിന്റെ സഹായം കൊണ്ടാണെന്നു ദിയ മനോരമയോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com