ADVERTISEMENT

കൂറ്റനാട്∙ രണ്ട് സംസ്ഥാന പാതകൾ ഒരുമിച്ചു കടന്നുപോകുന്ന മേലെ പട്ടാമ്പി മുതൽ പെരുമ്പിലാവ് വരെയുള്ള 20 കിലോമീറ്റർ ദുരത്തിന്റെ വീതിക്കുറവും ഭൂരിഭാഗം വരുന്ന ഭാഗങ്ങളിലും അടിക്കടി ഉണ്ടാകുന്ന ശോചനീയാവസ്ഥയും യാത്രക്കാർക്ക് വൻ ഭീഷണിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുമൂലം  ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടാകുന്നതും പതിവാണ്. ഒട്ടേറെ പേരാണ് ചുരുങ്ങിയ നാളുകൾക്കിടയിൽ അപകടത്തിൽപെട്ടതും മരിച്ചതും.

അവസാനമായി റോഡിന്റ ബിഎംആൻഡ്ബിസി നിലവാരത്തിൽ നിർമാണം നടന്നപ്പോൾ ഉണ്ടായ ഗുരുതരമായ അപാകത മൂലം റോഡ് നിരന്തരം ഇടിഞ്ഞു നിരങ്ങി റോഡിൽ അങ്ങോളമിങ്ങോളം ചാലുകളും കുഴികളും രൂപപ്പെടാൻ തുടങ്ങിയത് കഴിഞ്ഞ തവണ നിർമാണം കഴിഞ്ഞ് മാസങ്ങൾക്കകമാണ്. ഇപ്പോഴും ഈ അവസ്ഥ തുടരുകയുമാണ്. ഇതിൽപെട്ടാണ് അപകടങ്ങളിൽ ഏറെയും ഉണ്ടാകുന്നത്.

മാത്രമല്ല ഇടുങ്ങിയ റോഡായതിനാൽ ഇരു ഭാഗത്തുനിന്നും വലിയ വാഹനങ്ങൾ വരുമ്പോൾ വശം കൊടുക്കുന്ന സമയം ഒരു ഇരുചക്ര വാഹനത്തിനോ കാൽനട യാത്രക്കാരനോ മാറി വഴി നൽകാൻ പോലും ഇവിടെ ഇടമില്ല. ഈ ദുരവസ്ഥയിലാണ് റോഡിൽ നിറയെ ചാലുകൾ രൂപപ്പെടുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡ് വീതി കൂട്ടി ബിഎംആൻഡ് ബിസി നിലവാരത്തിൽ നിർമിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് വശങ്ങളിൽ മാർക്ക് ചെയ്തുപോയെങ്കിലും ആ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

അങ്ങനെയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ വി.ടി.ബൽറാം എംഎൽഎ ആയിരിക്കുമ്പോൾ വീതി കൂട്ടാതെ തന്നെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമാണം നടത്തിയത്.  റോഡ് അന്നുമുതൽ തുടർച്ചയായി ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട് ഗുരുവായൂർ, നിലമ്പൂർ തൃശൂർ സംസ്ഥാന പാതകൾ ഒരുമിച്ചു കടന്നുപോകുന്നതിനാൽ ഏതു സമയവും ഈ റൂട്ടിൽ ബസുകളും ചരക്കുവാഹനങ്ങളുമടക്കം വൻ തിരക്കാണ്. അതുകൊണ്ടുതന്നെ  റോഡിന്റെ പുനർനിർമാണം വീതികൂട്ടിക്കൊണ്ട് ശാശ്വതപരിഹാരത്തോടെ തന്നെ അടിയന്തരമായി നടപ്പാക്കണം എന്നതാണ് ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com