പരീക്ഷാ ഡ്യൂട്ടിക്കു മകനൊപ്പം പോയ അധ്യാപിക അപകടത്തിൽ മരിച്ചു
Mail This Article
ചിറ്റൂർ ∙ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. നല്ലേപ്പിള്ളി കമ്പിളിചുങ്കം നങ്ങാംകുറിശ്ശി റിട്ട. എസ്ഐ ദേവദാസിന്റെ ഭാര്യ മിനി (48) ആണു മരിച്ചത്. ഇന്നലെ രാവിലെ 8:30നു പൊൽപ്പുള്ളി കൂളിമുട്ടത്തായിരുന്നു അപകടം. മകൻ ഓടിച്ച സ്കൂട്ടറിൽ പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ മുന്നിലെ വാഹനം പെട്ടെന്നു നിർത്തിയതു കണ്ടു ബ്രേക്കിട്ടപ്പോൾ മിനി നടുറോഡിലേക്കു വീഴുകയായിരുന്നു. ഈ സമയം എതിരെ വന്ന സ്കൂൾ ബസിന്റെ ചക്രങ്ങൾ മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് മിനിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഞ്ചിക്കോട് ഗവ. ഹൈസ്കൂൾ ജ്യോഗ്രഫി അധ്യാപികയാണു മിനി. പാലക്കാട് പിഎംജി സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കു മകൻ റിസ്വിൻ ദേവിനൊപ്പം പോകുകയായിരുന്നു. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കഞ്ചിക്കോട് സ്കൂളിൽ പൊതുദർശനത്തിനു വച്ചു. ശേഷം വൈകിട്ട് സംസ്കാരം നടത്തി. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: ശാന്തകുമാരി. മക്കൾ: അശ്വിൻ ദേവ്, റിസ്വിൻ ദേവ്. സഹോദരങ്ങൾ: വിഷ്ണുദാസ്, കാളിദാസൻ.