കുഞ്ചിയാർപതിയിൽ കാട്ടാന ചരിഞ്ഞു
Mail This Article
മംഗലംഡാം ∙ കുഞ്ചിയാർപതി അയ്യപ്പൻപാടി റോഡിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണു സ്വകാര്യ തോട്ടത്തിനു സമീപം അവശനിലയിൽ കാട്ടാനയെ കണ്ടത്. ഏഴരയോടെ തോട്ടം തൊഴിലാളികൾ അറിയിച്ചതിനെ തുടർന്നു മംഗലംഡാമിൽ നിന്നു വെറ്ററിനറി ഡോക്ടറടക്കമുള്ള വനപാലക സംഘം സ്ഥലത്തെത്തി. ആനയ്ക്കു ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാവിലെ ആറരയോടെ ചരിഞ്ഞു.
ഏകദേശം 60 വയസ്സുള്ള പിടിയാനയാണ്. പ്രായാധിക്യത്താലുള്ള അവശതയാകാം മരണകാരണമെന്നു കരുതുന്നു. പാലക്കാട് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി വെറ്ററിനറി സർജൻ, ഡോ. എസ്.ശ്രീജിഷ, വെറ്ററിനറി അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ സി.എ.ശ്രീജു എന്നിവരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുഞ്ചിയാർപതി വനമേഖലയിൽ സംസ്കരിച്ചു.
ആലത്തൂർ റേഞ്ച് ഓഫിസർ കെ.ആർ.കൃഷ്ണദാസ്, ഡപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ കെ.എ.മുഹമ്മദ് ഹാഷിം, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ബി.സജയകുമാർ, ആർ.സൂര്യപ്രകാശ്, സി.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ.ബി.ഷിനിൽ, ബി.ഉണ്ണിക്കൃഷ്ണൻ, സി.സരിത, എൻ.ദിവ്യ, എം.സജിത, പി.ജെ.വിജിത, വി.വിനീത്, ഡ്രൈവർമാരായ ബി.പരമേശ്വരൻ, സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി.