യുവതിയെ പീഡിപ്പിച്ചു സ്വർണമാല കവർന്നു; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്
Mail This Article
കൊല്ലങ്കോട് ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിൽ വച്ചു പീഡിപ്പിച്ച ശേഷം രണ്ടു പവന്റെ സ്വർണമാല കവർന്നെന്ന പരാതിയിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: സംസ്ഥാന അതിർത്തിയോടു ചേർന്ന പ്രദേശത്തെ യുവതിയെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ആൾമാറാട്ടം നടത്തി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. പിന്നീട് ഈ ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി യുവതിയെ കൊല്ലങ്കോട്ടെ ഒരു ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയും അവിടെ വച്ചു പീഡിപ്പിക്കുകയും ചെയ്തു. അതിനു ശേഷം യുവതിയുടെ രണ്ടു പവൻ വരുന്ന സ്വർണമാല കവർന്ന് അവിടെ നിന്നു യുവാവു മുങ്ങി. വിഷ്ണു എന്ന പേരുള്ള ആളാണു മാല കവർന്നു കടന്നു കളഞ്ഞത് എന്നാണു യുവതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ആൾമാറാട്ട സാധ്യതയുള്ളതിനാൽ പൊലീസ് ആ പേരു സ്ഥിരീകരിക്കുന്നില്ല.
ലോഡ്ജിൽ വച്ചു പീഡിപ്പിച്ചതിനു ശേഷം രണ്ടു പവന്റെ സ്വർണമാല കവർന്നുവെന്നു യുവതി കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ചിറ്റൂർ ഡിവൈഎസ്പി ടി.കെ.ഷൈജു എന്നിവരുടെ മേൽനോട്ടത്തിൽ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ഒപ്പം ഇവർ ഉപയോഗിച്ചിരുന്ന സമൂമാധ്യമ അക്കൗണ്ടുകളും മറ്റും പൊലീസിന്റെ സൈബർ വിഭാഗം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.