ഫയർ സ്റ്റേഷൻ നിർമാണം: മരംമുറിയിൽ ആശയക്കുഴപ്പം
Mail This Article
കോങ്ങാട് ∙ കോങ്ങാട് കോട്ടപ്പടിയിൽ ഫയർസ്റ്റേഷൻ നിർമിക്കാൻ പഞ്ചായത്ത് അഗ്നിരക്ഷാ വകുപ്പിനു കൈമാറിയ സ്ഥലത്തെ മരം മുറിയിൽ ആശയകുഴപ്പം. ഒടുവിൽ പഞ്ചായത്ത് ലേലം ചെയ്യാൻ തീരുമാനിച്ചതിനു ഒരു ദിവസം മുൻപ് മരം മുറിച്ചു തുടങ്ങി. ഇതു സംബന്ധിച്ച ലേലം നേരത്തെ കഴിഞ്ഞാതായി അഗ്നി രക്ഷാസേന അധികൃതർ അറിയിച്ചു. ഇതു പ്രകാരമാണ് മരംമുറി എന്നും അവർ അവകാശപ്പെട്ടു. പഞ്ചായത്ത് ഹാളിൽ ഇന്ന് 11 ന് ഇവിടത്തെ 40 സെന്റ് സ്ഥലത്തെ തേക്ക് മരം ഉൾപ്പെടെ ലേലം ചെയ്യുമെന്നായിരുന്നു പഞ്ചായത്ത് അറിയിപ്പ്. എന്നാൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം നിശ്ചയിച്ച വില പ്രകാരം തിരുവനന്തപുരത്തുള്ള അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ ഓഫ് ഓഫിസ് മുഖേനയാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, മരം മുറി സംബന്ധിച്ചു ഫയർ സ്റ്റേഷൻ ഓഫിസിൽ നിന്നറിയിച്ചതനുസരിച്ചാണ് ലേലം ചെയ്യാനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നു ഉണ്ടായതെന്ന് പഞ്ചായത്ത് അധ്യക്ഷൻ ടി.അജിത് പറഞ്ഞു. ഇന്നലെ മരം മുറിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയെങ്കിലും ഇതു സംബന്ധിച്ച വകുപ്പ് ഉത്തരവ് അവരുടെ പക്കൽ ഉണ്ടായിരുന്നു. നിലവിൽ പെരിങ്ങോടുള്ള താൽക്കാലിക സ്ഥലത്താണ് അഗ്നി രക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്. മരം മുറിച്ചു നീക്കിയാൽ കെട്ടിടം പണി തുടങ്ങിയേക്കും. ഇതിനായി നേരത്തെ 2 കോടി വകയിരുത്തിയിരുന്നു.