ആവേശം വാനോളം; കൂറ്റനാട് ആണ്ടുനേർച്ച വർണാഭമായി
Mail This Article
കൂറ്റനാട്∙കൂറ്റനാട് ശുഹദാ മഖാം ആണ്ടുനേർച്ച വർണാഭമായി. നേർച്ചയുടെ ഭാഗമായി നടന്ന വർണശബളമായ ഘോഷയാത്രകൾ 61 ഗജവീരൻമാരുടെ അകമ്പടിയോടെ കൂറ്റനാട് ടൗണിലും പരിസര പ്രദേശങ്ങളിലും പ്രദക്ഷിണം നടത്തിയപ്പോൾ അത് ഉത്സവ പ്രേമികളുടെ ആവേശം വാനോളമുയർത്തി. രാവിലെ 10ന് അന്നദാനം നടന്നു. ഉച്ചയ്ക്ക് 1.30ന് കൊടിയേറ്റം നടന്നു. കൂട്ട പ്രാർഥനയ്ക്ക് ഖത്തീബ് സിയാസ് അലി വാഫി നേതൃത്വം നൽകി. 27 ഉപ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ദേശങ്ങളിൽ ഗജവീരൻമാരുടെ അകമ്പടിയോടെ ഘോഷയാത്രകൾ നടന്നു.
ഘോഷയാത്രകൾ വൈകിട്ട് 5 മണിയോടെ പള്ളി പരിസരത്ത് ഒത്തുകൂടി. തുടർന്ന് മെഗാ ഘോഷയാത്രയായി 61 ആനകളുടെ അകമ്പടിയോടെ കൂറ്റനാട് ടൗൺ ചുറ്റി പ്രദക്ഷിണം നടത്തി. രാത്രി 10 മണിയോടെ തൃത്താല റോഡിലെ വാഴക്കാട് മൈതാനത്ത് സംഗമിച്ചു. തുടർന്ന് ഗജമേള ഉണ്ടായി. നേർച്ചയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മജ്‍ലിസുന്നൂർ വാർഷിക മഹാസംഗമത്തിൽ ഉസ്താദ് ഷിയാസലി വാഫി മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര മഹല്ല് പ്രസിഡന്റ് എ.വി.മുഹമ്മദ് അധ്യക്ഷനായി, വിവിധ സ്ഥലങ്ങളിൽ ഗാനമേളകൾ, കലാപരിപാടികൾ, മെഡിക്കൽ ക്യാംപ് എന്നിവയും ഉണ്ടായി. നേർച്ചയോടനുബന്ധിച്ച് സംസ്ഥാന പാതയിലും തൃത്താല, എടപ്പാൾ റോഡുകളിലും ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി വരെ ഗതാഗത നിയന്ത്രണമുണ്ടായി.