ഒന്നര മാസത്തെ ഒറ്റയാൾ പ്രയത്നം; പൊതുകുളത്തിനു പുതുജീവൻ
Mail This Article
ഒറ്റപ്പാലം∙ വേനൽ കനക്കാനിരിക്കെ ഒറ്റയാൾ പ്രയത്നത്തിലൂടെ പൊതുകുളത്തിനു പുതുജീവൻ. ഒന്നരയേക്കറോളം വരുന്ന ലക്കിടി മംഗലം നട്ടക്കുളമാണു പ്രദേശവാസിയായ പട്ടിപ്പറമ്പിൽ ബാലസുബ്രഹ്മണ്യൻ (പ്രേമൻ–55) ഒറ്റയ്ക്കു വൃത്തിയാക്കിയത്. വെള്ളത്തിൽ തിങ്ങിനിറഞ്ഞിരുന്ന പായൽ പൂർണമായും നീക്കിയാണു കുളം ഉപയോഗയോഗ്യമാക്കിയത്. കരയിലെ കാടുമൂടി കിടന്നിരുന്ന പുല്ലും ചെടികളും വെട്ടിവൃത്തിയാക്കി. ഒരു മാസം നീണ്ട കഠിന പ്രയത്നത്തിലൂടെയായിരുന്നു ലക്ഷ്യപ്രാപ്തി. ദിവസവും രാവിലെയും വൈകിട്ടുമായി 5 മണിക്കൂറോളമായിരുന്നു കഠിനാധ്വാനം. വർഷങ്ങളായി കുളം പായൽ നിറഞ്ഞും കാടു കെട്ടിയും നാശത്തിന്റെ വക്കിലാണ്. വേനൽ മാസങ്ങളിൽ ഉൾപ്പെടെ നാട്ടുകാർ കുളിക്കാനും തുണിയലക്കാനുമെല്ലാം ആശ്രയിക്കുന്ന കുളമാണിത്.
ഇതിനിടെയാണു കർഷകനും പ്രദേശത്തെ പാടശേഖര സമിതി പ്രസിഡന്റുമായ ബാലസുബ്രഹ്മണ്യൻ കുളം വൃത്തിയാക്കാനുള്ള ദൗത്യം സ്വന്തം നിലയിൽ ഏറ്റെടുത്തത്. കാർഷിക മേഖലയ്ക്കു കൂടി പ്രയോജനപ്പെടുത്താവുന്ന കുളമാണിത്. മംഗലം നട്ടപ്പാടം പാടശേഖരത്തോടു ചേർന്നാണു കുളം. അതേസമയം, തകർന്ന പടവുകൾ പുനർനിർമിക്കാനും ചെളി നീക്കാനും സർക്കാർതലത്തിൽ പദ്ധതി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. കുളത്തിലെ 4 കുളിക്കടവുകളും കന്നുകാലികളെ കഴുകുന്ന മറ്റൊരു കടവും തകർച്ചയിലാണ്. കുളത്തിലെ ചെളി നീക്കിയിട്ടു പതിറ്റാണ്ടുകളായെന്നു നാട്ടുകാർ പറയുന്നു. ബാലസുബ്രഹ്മണ്യനെ പഞ്ചായത്ത് അംഗം മിനി ജയൻ ആദരിച്ചു.