ദേശീയ വിരവിമുക്ത ദിനാചരണം ഇന്ന്
Mail This Article
പാലക്കാട്∙ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് അങ്കണവാടി, സ്‌കൂളുകൾ മുഖേന ഒന്ന് മുതൽ 19 വയസ്സ് വരെ പ്രായമുള്ളവർക്ക് സൗജന്യ ആൽബൻഡസോൾ വിര ഗുളിക നൽകും. ജില്ലയിൽ 7,04,053 പേർക്കാണ് മരുന്ന് നൽകുന്നത്. ഒന്ന് മുതൽ രണ്ട് വയസ്സ് വരെ 200 മില്ലിഗ്രാം ഗുളികയും (അര ഗുളിക) രണ്ട് മുതൽ 19 വരെ 400 മില്ലിഗ്രാം (ഒരു ഗുളിക) ഗുളികയും നൽകും. ഇന്ന് ഗുളിക കഴിക്കാൻ കഴിയാത്തവർക്ക് 15ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നൽകും. വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ഗവ പിഎംജിഎച്ച്എസ്എസിൽ ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിക്കും.
ഗുളിക കഴിക്കേണ്ടത് ഇങ്ങനെ
ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ചാണു കൊടുക്കേണ്ടത്. മുതിർന്ന കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. ഗുളിക കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾ കഴിക്കേണ്ടതില്ല. ശരീരത്തിൽ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളിൽ അപൂർവമായി വയറുവേദന, ഛർദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണണം.