എംഡിഎംഎ വിൽപനക്കാരായ രണ്ടു പേർ വീണ്ടും പിടിയിൽ
Mail This Article
മണ്ണാർക്കാട്∙ മണ്ണാർക്കാട് പൊലീസും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മണ്ണാർക്കാട് മുക്കണ്ണം പാലത്തിനു സമീപത്തു നിന്ന് 3.33 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശികളായ കല്ലേക്കോടൻ അബ്ദുൽ സലീം (35), പനച്ചിക്കൽ അജ്മൽ (31) എന്നിവരാണ് പിടിയിലായത് മണ്ണാർക്കാട് മേഖലയിലെ മുഖ്യ ലഹരി വിൽപനക്കാരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം 44 ഗ്രാം എംഡിഎംഎയുമായി ഇരുവരും പിടിയിലായിരുന്നു. പൊലീസ് പറയുന്നത്: മണ്ണാർക്കാട് ടൗണിൽ 'മുഗൾ ടീം '' എന്ന ഹോം ഡെക്കറേഷൻ സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രതികൾ മുൻപ് ലഹരി വിൽപന നടത്തിയിരുന്നത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും പ്രതികൾ മയക്കുമരുന്ന് വിൽപന തുടരുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ബെംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിക്കുന്നത്. മണ്ണാർക്കാട് മേഖലയിൽ വർധിച്ചുവരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കർശന നടപടി സ്വീകരിച്ചു വരികയാണ്.
ലഹരി കടത്താൻ ഉപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊർജിതമാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഡിവൈഎസ്പി ടി.എസ്.ഷിനോജ്, പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ ഇ.എ.സുരേഷ്, സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, മണ്ണാർക്കാട് പൊലീസ്, ലഹരി നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.